ആധാറിന് പുറമെ പുതിയ കാര്‍ഡ്; നിര്‍ദേശവുമായി അമിത് ഷാ, ജനസംഖ്യാ കണക്കെടുപ്പ് ആപ്പ് വഴി
ദില്ലി: രാജ്യത്ത് വീണ്ടും ജനസംഖ്യാ കണക്കെടുപ്പ് വരുന്നു. വീടുകള്‍ തോറും ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങി നടത്തുന്ന കണക്കെടുപ്പ് ആയിരിക്കില്ല. പകരം മൊബൈല്‍ ആപ്പ് വഴിയാകും കണക്കെടുപ്പ് നടത്തുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അമിത് ഷാ ഇക്കാര്യം പ്രഖ്യാപിച്ചത്.
മാത്രമല്ല, പുതിയ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാ പൗരന്‍മാര്‍ക്കും അനുവദിക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഒട്ടേറെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു കാര്‍ഡ് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2021ലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. അമിത് ഷായുടെ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ.
മൊബൈല്‍ ആപ്പ് വഴിയാകും അടുത്ത കണക്കെടുപ്പ് നടത്തുകയെന്ന് അമിത് ഷാ പറഞ്ഞു. 2021ലായിരിക്കും അടുത്ത കണക്കെടുപ്പ്. പേപ്പര്‍ കണക്കെടുപ്പില്‍ നിന്ന് ഡിജിറ്റല്‍ കണക്കെടുപ്പിലേക്ക് രാജ്യം മാറുകയാണെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
സമഗ്രമായ ഒരു കാര്‍ഡ്
വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു കാര്‍ഡ് നടപ്പാക്കുന്ന കാര്യവും അമിത് ഷാ പ്രഖ്യാപിച്ചു. പാസ്‌പോര്‍ട്ട്, ആധാര്‍, വോട്ടര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, എന്നിവയുടെ ആവശ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന കാര്‍ഡ് ആയിരിക്കും പുതിയത്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍
2021ലെ സെന്‍സസില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കും. 140 വര്‍ഷത്തെ കണക്കെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാകും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രേഖകള്‍ ശേഖരിക്കുന്നത്. മൊബൈലില്‍ പുതിയ ആപ്പ് ഉപയോഗിക്കുന്നതിന് പ്രത്യേക ബോധവല്‍ക്കരണം നടത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
2021ലെ കണക്കെടുപ്പിന്റെ പ്രത്യേകത
2021ലെ കണക്കെടുപ്പില്‍ ഒബിസി വിഭാഗത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ഉള്‍പ്പെടുത്തും. ആദ്യമായിട്ടാകും ഒബിസി കണക്ക് തയ്യാറാക്കുന്നത്. ഡിജിറ്റല്‍ സെന്‍സസിന് 12000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്യൂമറേറ്റര്‍മാരെ കണക്കെടുപ്പിന് ചുമതലപ്പെടുത്തും. ഇവര്‍ ആപ്പ് ഉപയോഗിക്കേണ്ട രീതി ജനങ്ങളെ ബോധവല്‍ക്കരിക്കും.
No comments
Post a Comment