108 മെഗാപിക്സൽ പെന്റ ക്യാമറ ഫോണുമായി ഷഓമി, ചരിത്രം കുറിയ്ക്കാൻ മി നോട്ട് 10
രാജ്യാന്തര വിപണിയിലെ മുന്‍നിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമി പുതിയ ഫോൺ അവതരിപ്പിക്കാൻ പോകുകയാണ്. മി നോട്ട് 10 എന്ന പേരിൽ വരുന്ന ഫോണിൽ പിന്നിൽ അഞ്ച് ക്യാമറകൾ ഉണ്ടാകും. ഫോണിന്റെ ടീഷർ ഷഓമി പുറത്തിറക്കിയിട്ടുണ്ട്. മി സിസി 9 പ്രോയുടെ ലോഞ്ച് പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് മി നോട്ട് 10 ന്റെ ഔദ്യോഗിക ടീസറും വന്നിരിക്കുന്നത്.
108 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ ഉള്ള മി സിസി 9 പ്രോ, മി നോട്ട് 10 എന്നിവ അടുത്ത തലമുറ ക്യാമറ ഫോണുകളായാണ് കണക്കാക്കപ്പെടുന്നത്. മി സിസി 9 പ്രോ എന്ന ഹാൻഡ്സെറ്റ് രാജ്യാന്തര വിപണിയിൽ മി നോട്ട് 10 പേരിലായിരിക്കും ഷഓമി അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. ചൈനയ്ക്ക് പുറത്ത് അവതരിപ്പിക്കുന്നതിനു മുൻപ് ഷഓമിയുടെ മറ്റു മി സിസി 9 സീരീസ് ഫോണുകൾ പുനർനാമകരണം ചെയ്തിരുന്നു. പുറത്തുവന്ന വിവിധ സർട്ടിഫിക്കേഷൻ റിപ്പോർട്ടുകൾ പ്രകാരം മി സിസി9 പ്രോ, മി നോട്ട്10 എന്നിവ ഒരേ മോഡൽ നമ്പറിൽ (M1910f4e) പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
ലോകത്തിലെ ആദ്യത്തെ 108 മെഗാപിക്സൽ പെന്റ ക്യാമറ ഫോണായിരിക്കുമെന്നാണ് ഷഓമി അവകാശപ്പെടുന്നത്. മി നോട്ട് 10 ടീസറിൽ ഹാൻഡ്സെറ്റിന്റെ കൂടുതൽ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല. ഫോൺ അവതരിപ്പിക്കുന്ന തീയതി പോലും ഷഓമി അറിയിച്ചിട്ടില്ല. എന്നാലും മി സിസി9 പ്രോ, മി നോട്ട് 10 എന്നിവ പ്രധാനമായും ഒരേ ഫോണുകളാണെന്ന ധാരണ കണക്കിലെടുക്കുമ്പോൾ മി നോട്ട് 10 നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഊഹിക്കാവുന്നതാണ്.
മി നോട്ട് 10 ന്റെ പെന്റ ക്യാമറ സിസ്റ്റത്തിൽ 108 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 20 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ (117 ഡിഗ്രി ഫീൽഡ് വ്യൂ), ടെലിഫോട്ടോ ലെൻസ്, മാക്രോ ക്യാമറ, 12 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവയുണ്ട്. ടെലിഫോട്ടോ ലെൻസിന് 10x ഹൈബ്രിഡ് സൂം, 50x ഡിജിറ്റൽ സൂം ശേഷിയുണ്ടെന്നും പറയപ്പെടുന്നു. ചൈനയിൽ നവംബർ 5 നാണ് മി സിസി9 പ്രോ അവതരിപ്പിക്കുന്നത്.
No comments
Post a Comment