Header Ads

  • Breaking News

    ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

    രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് എറിഞ്ഞിട്ടു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11-ാം ടെസ്റ്റ് പരമ്പര ജയമാണിത്. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

    ദക്ഷിണാഫ്രിക്കയ്ക്കെതിരെ റണ്‍ അടിസ്ഥാനത്തില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ന് നേടിയത്. ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 67.2 ഓവറില്‍ 189 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ജയം. ഇതോടെ, മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മല്‍സരം ഈ മാസം 19ന് റാഞ്ചിയില്‍ ആരംഭിക്കും.

    ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സ് കുറവുമായി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകരുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാലാം ദിവസത്തിലെ രണ്ടാം പന്തില്‍ തന്നെ എയ്ഡന്‍ മാര്‍ക്രത്തെ (0) മടക്കി ഇഷാന്ത് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. വൈകാതെ ഉമേഷ്, ത്യൂനിസ് ഡി ബ്രൂയിനെയും (8) മടക്കി. 54 പന്തുകള്‍ പ്രതിരോധിച്ച് അഞ്ചു റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ അശ്വിനും മടക്കി. 48 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിനെയും അശ്വിന്‍ പുറത്താക്കി. വെര്‍നോണ്‍ ഫിലാന്‍ഡര്‍ (22), കാഗിസോ റബാദ (4), ടെംബ ബവുമ (38), ക്വിന്റണ്‍ ഡിക്കോക്ക് (5), എസ്. മുത്തുസ്വാമി (9), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

    നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.

    സ്‌കോര്‍: ഇന്ത്യ - 601/5 ഡിക്ലയേര്‍ഡ്, ദക്ഷിണാഫ്രിക്ക - 275 & 189

    ليست هناك تعليقات

    Post Top Ad

    Post Bottom Ad