Header Ads

  • Breaking News

    കോട്ടയത്ത് കരസേനാ റിക്രൂട്ട്മെന്റ് റാലി: രജിസ്‌ട്രേഷന്‍ നവംബര്‍ 16 വരെ


    കരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് റാലി ഡിസംബർ രണ്ട് മുതൽ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ് നടത്തുന്ന റാലിയിൽ തെക്കൻ ജില്ലക്കാർക്ക് പങ്കെടുക്കാം.

    സോൾജ്യർ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (ഏവിയേഷൻ/അമ്യുനിഷൻ എക്സാമിനർ), നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ്, ട്രേഡ്സ്മെൻ, ശിപായ് ഫാർമ വിഭാഗങ്ങളിലായാണ് അവസരം. ഏതെങ്കിലും ഒരു ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
    റാലിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 16ന് മുമ്പ് www.joinindianarmy.nic.inഎന്ന വെബ്സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം. ആധാർകാർഡ് വിവരങ്ങളും നൽകണം. കൃത്യമായി അപേക്ഷിച്ചുകഴിഞ്ഞാൽ നവംബർ 27-ന് ആർമി വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. ഈ അഡ്മിറ്റ് കാർഡ്/സ്ലിപ്പുമായി അതിൽ പറഞ്ഞ ദിവസത്തും സമയത്തും റാലിസ്ഥലത്ത് റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ സംബന്ധിച്ച സംശയനിവാരണത്തിന് തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെടുക.
    വിവിധ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാർക്ക് റാലിയിൽ പങ്കെടുക്കാൻ അവസരം നൽകും. പുരുഷന്മാർക്ക് മാത്രമുള്ള ഒഴിവുകളാണിത്. റാലിക്ക് പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ 10 രൂപ മുദ്രപത്രത്തിൽ തയ്യാറാക്കിയ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്. 18 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ അവരുടെ രക്ഷിതാവിന്റെ സാക്ഷ്യപത്രവും കൊണ്ടുവരണം.


    പ്രായം: സോൾജ്യർ ജനറൽ ഡ്യൂട്ടി - 17 1/2 21 വയസ്സ്. മറ്റെല്ലാ തസ്തികകളിലേക്കും 17 1/2 23 വയസ്സ്. കുറഞ്ഞ ഭാരം- 50 കി.ഗ്രാം, സോൾജ്യർ ട്രേഡ്സ്മാന് 48 കി.ഗ്രാം.
    ആവശ്യമായ ശാരീരിക/വിദ്യാഭ്യാസയോഗ്യതകൾ ഇനി പറയുന്ന പ്രകാരമാണ്:

    1. സോൾജ്യർ ജനറൽഡ്യൂട്ടി: പൊക്കം 166 സെ.മീ. ഭാരം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. എസ്.എസ്.എൽ.സി/ മെട്രിക്ക് 45 ശതമാനം മാർക്കോടെ പാസാവുകയും ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക് നേടിയിരിക്കണം, കൂടുതൽ വിദ്യാഭ്യാസയോഗ്യതയുണ്ടെങ്കിൽ ഇത് പരിഗണിക്കുകയില്ല. CBSEക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് ഡി-ഗ്രേഡ് (3340) ലഭിക്കുകയും ആകെ കൂടി സി2 ഗ്രേഡ് അല്ലെങ്കിൽ 4.75 പോയിന്റ് ലഭിക്കുകയും വേണം. 1998 ഒക്ടോബർ ഒന്നിനും 2002 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

    2. സോൾജ്യർ ടെക്നിക്കൽ: പൊക്കം 165 സെ.മീ. ഭാരം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി പ്ലസ്ടു അല്ലെങ്കിൽ ഇന്റർമീഡിയറ്റ് മൊത്തം 50 ശതമാനം മാർക്കോ ഓരോ വിഷയത്തിനും 40 ശതമാനം മാർക്കോ നേടിയിരിക്കണം. 1996 ഒക്ടോബർ ഒന്നിനും 2002 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

    3. സോൾജ്യർ നഴ്സിങ് അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി: പൊക്കം 165 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടി 50 ശതമാനം മൊത്തം മാർക്കോടെയും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കോടെയും പ്ലസ്ടു അല്ലെങ്കിൽ ഇന്റർമീഡിയറ്റ് പാസായിരിക്കണം. 1996 ഒക്ടോബർ ഒന്നിനും 2002 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

    4. സോൾജ്യർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ/ഇൻവെന്ററി മാനേജ്മെന്റ്: പൊക്കം 162 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് വിഷയങ്ങളിൽ പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും കൂടി 60 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിനും 50 ശതമാനം മാർക്കോടെയും പാസായിരിക്കണം. 1996 ഒക്ടോബർ ഒന്നിനും 2002 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

    5. സോൾജ്യർ ട്രേഡ്സ്മെൻ: പൊക്കം 166 സെ.മീ. തൂക്കം 48 കി.ഗ്രാം, നെഞ്ചളവ് 76/81 സെ.മീ. എസ്.എസ്.എൽ.സി./പത്താം ക്ലാസ് ജയം. ഹൗസ്കീപ്പർക്കും മെസ്കീപ്പർക്കും എട്ടാം ക്ലാസ് ജയം. 1996 ഒക്ടോബർ ഒന്നിനും 2002 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

    6. ശിപായ് ഫാർമ: പൊക്കം 165 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ. പ്ലസ്ടു പാസ്, 55 ശതമാനം മാർക്കോടെ ഡി.ഫാമ പാസായിരിക്കണം. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം. 50 ശതമാനം മാർക്കോടെ ബി.ഫാർമ പാസായി ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നേടിയവർക്കും അപേക്ഷിക്കാം. 1994 ഒക്ടോബർ ഒന്നിനും 2000 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

    ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപയ്ക്കുമേൽ വേതനവും മറ്റ് മിലിട്ടറി ആനുകൂല്യങ്ങളും ലഭിക്കും. ശിപായി തസ്തികയിൽനിന്ന് സുബേദാർ മേജർ പദവിവരെ എത്താൻ സാധിക്കുന്ന ഒഴിവുകളാണിത്.
    കായികക്ഷമതാപരീക്ഷ ഉണ്ടായിരിക്കും. 5 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കി.മീ ഓട്ടം, 6 മുതൽ 10 വരെ പുൾ അപ് (കൂടുതൽ ചെയ്യുന്നവർക്ക് മാർക്ക് കൂടും), സിഗ് സാഗ് ബാലൻസ് രീതിയിൽ നടത്തം, 9 അടി നീളത്തിൽ ചാട്ടം എന്നിവയായിരിക്കും പരീക്ഷയിൽ ഉൾപ്പെടുന്നത്. റാലിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കായി തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസിൽ വെച്ച് എഴുത്തുപരീക്ഷ നടത്തും. തീയതി പിന്നീട് അറിയിക്കും. ശരിയുത്തരത്തിന് 2 മാർക്കും, തെറ്റ് ഉത്തരത്തിന് 0.5 നെഗറ്റിവ് മാർക്കും, ലഭിക്കും.

    റാലിക്ക് എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    1. എട്ടാംക്ലാസ്, എസ്.എസ്.എൽ.സി/ പ്ലസ്ടു/മറ്റ് ഉയർന്ന യോഗ്യതകളുണ്ടെങ്കിൽ അവയുടെയും ഒറിജിനലും രണ്ട് വീതം ഫോട്ടോസ്റ്റാറ്റ് പകർപ്പുകളും കൊണ്ടുവരണം.
    2. 10 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഇംഗ്ലീഷിൽ എഴുതിയ സത്യവാങ്മൂലം.
    3. മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത 20 പാസ്പോർട്ട് സൈസ് കളർ ഫോട്ടോകൾ. പഴകിയതോ കമ്പ്യൂട്ടർ നിർമിതമോ ആയ പടങ്ങൾ സ്വീകരിക്കില്ല.
    4. തഹസിൽദാരുടെയോ ജില്ലാ മജിസ്ട്രേറ്റിന്റെയോ പക്കൽനിന്നുള്ള നേറ്റിവിറ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റും ജാതിസർട്ടിഫിക്കറ്റും അതിന്റെ പകർപ്പുകളും.
    5. ഉദ്യോഗാർഥി അവസാനം പഠിച്ച സ്കൂൾ/കോളേജിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്ന സ്വഭാവസർട്ടിഫിക്കറ്റ്, വില്ലേജ് സർപഞ്ച്/മുൻസിപ്പൽ കോർപ്പറേഷനിൽ നിന്ന് ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (ഫോട്ടോയോട് കൂടിയത്), 21 വയസ്സിന് താഴെയുള്ളവർ അവിവാഹിതനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും കൊണ്ടുവരണം.
    6. ജവാന്മാരുടെ മക്കൾ, വിമുക്ത ഭടന്മാരുടെ മക്കൾ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകളുടെയോ സർവീസിൽ ഇപ്പോഴുള്ളവരുടെയോ മക്കൾ ആണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുമുള്ള റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാക്ഷ്യപ്പെടുത്തുന്നവരുടെ നമ്പറും റാങ്കും പേരും വ്യക്തമാക്കിയിരിക്കണം.
    7. എൻ.സി.സി. സർട്ടിഫിക്കറ്റുള്ളവർ അവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ മൂന്ന് പകർപ്പുകളും.
    8. ക്ലാർക്ക് സ്റ്റോർ കീപ്പർ തസ്തികയിൽ അപേക്ഷകർ ഡൊയാകിൽ നിന്നുള്ള ബിസിനസ്സ് പ്രൊഫഷണൽ പ്രോഗ്രാമർ സർട്ടിഫിക്കറ്റ് ഉള്ളവരാണെങ്കിൽ മുൻഗണന ലഭിക്കും.
    9. രേഖകൾ എല്ലാം ഇംഗ്ലീഷിലോ അതോ ഹിന്ദിയിലോ തയ്യാറാക്കിയതാവണം.
    10. കായിക പരീക്ഷയ്ക്ക് ആവശ്യമായ റണ്ണിങ് ഷൂവും ഷോർട്സും ഉദ്യോഗാർഥികൾ കരുതണം.
    11. അഡ്മിറ്റ് കാർഡ് ലേസർ പ്രിന്റർ ഉപയോഗിച്ച് ഗുണനിലവാരമുള്ള കടലാസിൽ പ്രിന്റ് ചെയ്തെടുക്കണം.
    കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.joinindianarmy.nic.in

    No comments

    Post Top Ad

    Post Bottom Ad