23 ഷെഡ്യൂളുകൾ റദ്ദാക്കി പയ്യന്നൂർ ഡിപ്പോ
പയ്യന്നൂർ:
കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിൽ കോടതി വിധിയനുസരിച്ച് 33 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ 15 ഷെഡ്യൂളുകൾ കൂടി ഇന്നലെ റദ്ദാക്കി. ഇതോടെ പയ്യന്നൂർ ഡിപ്പോയിൽ ദൈനംദിനം 23 ഷെഡ്യൂളുകൾ റദ്ദാക്കേണ്ടി വരുന്നു. ആവശ്യത്തിന് ഡ്രൈവർമാരില്ലാത്ത ഡിപ്പോയാണു പയ്യന്നൂർ. ടയറുകളുടെയും സ്പെയർ പാർട്സുകളുടെയും അഭാവം മൂലം ദിവസം 18 ഷെഡ്യൂളുകൾ റദ്ദാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവർമാരുടെ കുറവ് ഇവിടെ പ്രത്യക്ഷത്തിൽ കാണാറില്ല.എന്നാൽ കോടതി ഉത്തരവ് അനുസരിച്ച് താൽക്കാലിക ഡ്രൈവർമാരെ പിരിച്ചു വിട്ടതോടെ സർവീസ് നടത്താനുള്ള ബസുകൾ റോഡിൽ ഇറക്കാതെ ഡിപ്പോയിൽ നിർത്തിയിടേണ്ട അവസ്ഥയാണ്. നിലവിൽ 82 ഷെഡ്യൂളുകളാണു പയ്യന്നൂർ ഡിപ്പോയിൽ ഉള്ളത്. അതിൽ 59 ഷെഡ്യൂളുകൾ മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളു. നേരത്തെ ഈ ഡിപ്പോയിൽ 31 ഡ്രൈവർമാരുടെ ഒഴിവുണ്ടായിരുന്നു.
അത് നികത്താതെയാണ് താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചു വിടേണ്ടി വന്നത്. ടൗൺ ടു ടൗൺ ഉൾപ്പെടെ ഇന്നലെ റദ്ദാക്കിയതിൽ ഉണ്ട്.
പുലർച്ചെ റെയിൽവേ സ്റ്റേഷനിലേക്ക് ചെറുപുഴ ഭാഗത്ത് നിന്ന് വരുന്ന സർവീസ് റദ്ദാക്കിയത് ജനങ്ങളെ ദുരിതത്തിലാക്കി. നേരത്തെ സ്പെയർ പാർട്സുകളുടെ അഭാവം മൂലം ഷെഡ്യൂൾ റദ്ദാക്കാറുള്ളത് ഗ്രാമീണ മേഖലകളിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ മേഖലകളിൽ സർവീസ് നടത്തി ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കുകയായിരുന്നു ഡിപ്പോ അധികൃതർ ചെയ്തിരുന്നത്. എന്നാൽ കൂടുതൽ ബസുകൾ റദ്ദാക്കേണ്ടി വന്നതോടെ ഗ്രാമീണ റൂട്ടുകളിലെ ഷെഡ്യൂളുകൾ തുടർച്ചയായി ഇല്ലാതാകുന്നു. നഷ്ടം സഹിച്ചും ഒരു ഷെഡ്യൂളും അനുവദിക്കരുതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ നിർദേശം. അത് പൂർണമായും പാലിക്കേണ്ട അവസ്ഥയിലാണ് പയ്യന്നൂർ ഡിപ്പോ അധികൃതർ.
No comments
Post a Comment