യുവതിയെക്കൊണ്ട് യുവാവിനെ ബാറിലേക്ക് വിളിച്ചുവരുത്തി കവർച്ച: 3പേർ പൊലീസ് പിടിയിൽ
തലശേരി:
യുവതിയെക്കൊണ്ട് യുവാവിനെ ബാറിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി എടിഎം കാർഡ് ഉൾപ്പടെയുള്ളവ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. തലശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ ഉമ്ലപുറത്ത് വീട്ടിൽ കെ പി യൂനിസ് (30), കസ്റ്റംസ് റോഡിലെ കൊളത്തുതാലി വീട്ടിൽ സുനീർ (31), കോടിയേരി പാറാലിൽ കളത്തിൽ പൊന്നമ്പറത്ത് വീട്ടിൽ പി മരക്കാർ എന്ന അലി (48) എന്നിവരെയാണ് തലശേരി ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ സുനീറിനെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റയീസിനെ തട്ടികൊണ്ടുപോയ സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മട്ടന്നൂർ ആലച്ചേരി കീച്ചേരിയിലെ റസിയാ മൻസിലിൽ കെ കെ മുഹമ്മദ് റയിസിന്റെ എടിഎം കാർഡും ഫോണും ഓട്ടോറിക്ഷയും ലൈസൻസും പണവും യുവതിയും സംഘവും തട്ടിയെടുത്തെന്നായിരുന്നു പരാതി. ഫോണിൽ സന്ദേശമയച്ച് ശല്യപ്പെടുത്തുന്നതായി യുവതി ക്രിമിനൽ സംഘത്തെ അറിയിച്ചിരുന്നു. തുടർന്ന് യുവതി വിളിച്ചത് പ്രകാരം തലശേരി വിക്ടോറിയ ബാറിൽ എത്തിയ റയീസിനെ പിന്നീട് പേൾവ്യൂ ഹോട്ടൽ ബാറിലേക്കും വാധ്യാർ പീടിക ഭാഗത്തേക്കും കൂട്ടികൊണ്ടുപോയി സ്ത്രീപീഡനക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചുലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും പറഞ്ഞതായി റയിസ് പൊലീസിനോട് പറഞ്ഞു. സുനീർ എക്സൈസ് സംഘത്തെ ആക്രമിച്ചതുൾപ്പടെ നിരവധി കേസിലെ പ്രതിയാണ്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. യുവതി ഉൾപ്പടെ എട്ടുപേരെ ഇനിയും പിടികൂടാനുണ്ട് ഇവരെ തിരിച്ചറിഞ്ഞിട്ടുള്ളതായും പൊലീസ് പറഞ്ഞു.
No comments
Post a Comment