പുതിയ ഓഫറുമായി റിലയന്‍സ് ജിയോ; 30 മിനിറ്റ് സൗജന്യ കോള്‍ വാഗ്ദാനം
ഉപഭോക്താക്കള്‍ മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് കുടിയേറുമോയെന്ന ഭയത്തെ തുടര്‍ന്ന് പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. ഇത്രയും നാള്‍ പരിധിയില്ലാത്ത സൗജന്യകോളുകള്‍ ആയിരുന്നു റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. ഇത് നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത ഉപഭോക്താക്കളില്‍ അനിഷ്ടമുണ്ടാക്കിയിരുന്നു. റിലയന്‍സ് ജിയോയില്‍ നിന്ന് മറ്റേതൊരു മൊബൈല്‍ നെറ്റ് വര്‍ക്കിലേക്കും വിളിക്കുന്ന ലോക്കല്‍, എസ്.ടി.ഡി കോളുകള്‍ക്ക് ഇനിമുതല്‍ പണം നല്‍കണമെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത. ഇതോടെ ഉപഭോക്താക്കള്‍ മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് കുടിയേറാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ജിയോ 30 മിനിറ്റ് സൗജന്യ കോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ടോക് ടൈം വൗച്ചറുകള്‍ ഉള്‍പ്പെടുന്ന പ്ലാന്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒറ്റത്തവണയായി 30 മിനിട്ട് സൗജന്യ സംസാര സമയമാവും ജിയോ നല്‍കുക. ഏഴ് ദിവസമായിരിക്കും സൗജന്യ സംസാര സമയത്തിന്റെ കാലാവധി. കോളുകള്‍ക്ക് നിരക്ക് ഈടാക്കാനുള്ള ജിയോ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ട്വിറ്ററിലായിരുന്നു പ്രധാനമായും പ്രതിഷേധം. ജീവിതകാലത്തേക്ക് മുഴുവന്‍ സൗജന്യ കോളുകള്‍ നല്‍കുമെന്ന് അറിയിച്ചാണ് ജിയോ സേവനം തുടങ്ങിയതെന്നും ഇപ്പോഴുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നുമാണ് ഉപയോക്താക്കള്‍ പറയുന്നത്. ജിയോയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ട്വിറ്ററില്‍ #boycott-Jio എന്ന ഹാഷ്‍ടാഗ് ട്രെന്‍ഡ് ആയിരുന്നു.
റിലയന്‍സ് ജിയോയില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൌജന്യ കോളുകള്‍ നിര്‍ത്തിയതിനു പിറകെ എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും ഓഹരികള്‍ക്ക് വിലകൂടിയിരുന്നു. ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് ഈടാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചതിനു ശേഷം ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ ഓഹരികള്‍ യഥാക്രമം 7, 18 ശതമാനം വരെയാണ് കഴിഞ്ഞദിവസം ഉയര്‍ന്നത്. ഇതു വഴി കോടികളുടെ ലാഭമാണ് ഇരു കമ്പനികള്‍ക്കും ലഭിച്ചത്.
No comments
Post a Comment