നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും; അഞ്ച് എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാവും ഭരണപക്ഷം സഭയിലെത്തുന്നത്. എന്നാൽ സർക്കാരിന് നേരിടാൻ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ഇന്ന് തുടങ്ങുന്ന സമ്മേളനം.
മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന മാര്‍ക്ക് ദാന വിവാദവും. വാളയാറില്‍ ലൈംഗികാക്രമണം നേരിട്ട കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയായതും പ്രതിപക്ഷം സഭയിലുന്നയിക്കും. ഇവ സഭയെ വരും ദിവസങ്ങളില്‍ പ്രക്ഷുബ്ദമാക്കിയേക്കും.
പൂര്‍ണമായും നിയമനിര്‍മ്മാണത്തിനു വേണ്ടിയാണു സമ്മേളനം ചേരുന്നതെന്നു സ്പീക്കര്‍ പറയുന്നുണ്ടെങ്കിലും അതിനെക്കാളേറെ രാഷ്ട്രീയമായിരിക്കും ചര്‍ച്ചയില്‍ നിറയുക. മാര്‍ക്ക് ദാന വിവാദത്തില്‍ പ്രതിരോധത്തിലായ മന്ത്രി ജലീലിനെതിരെ കോൺഗ്രസും മുസ്‌ലിം ലീഗും ഒരു പോലെ പടനയിക്കും.
വാളയാറില്‍ ലൈംഗികാക്രമണം നേരിട്ട കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും പിന്നാക്കവിഭാഗമന്ത്രി എ.കെ.ബാലനെയും ലക്ഷ്യമിട്ടായിരിക്കും പ്രതിപക്ഷത്തിന്റെ ആക്രമണം. ഇതിനോടകം ഏറെ പ്രതിഷേധമുയരുന്ന വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര നടപടി വേണ്ടി വരും.
ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച 5 പേര്‍ എംഎല്‍എമാരായി ഇന്നു 10നു സത്യപ്രതിജ്ഞ ചെയ്യും. എം.സി.ഖമറുദീന്‍ (മഞ്ചേശ്വരം മുസ്ലിം ലീഗ്), ടി.ജെ.വിനോദ് (എറണാകുളം കോണ്‍ഗ്രസ്), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍ കോണ്‍ഗ്രസ്), കെ.യു. ജനീഷ് കുമാര്‍ (കോന്നി സിപിഎം), വി.കെ.പ്രശാന്ത് (വട്ടിയൂര്‍ക്കാവ് സിപിഎം) എന്നിവരാണു സത്യപ്രതിജ്ഞ ചെയ്യുന്നത്. നവംബര്‍ 21ന് സമ്മേളനം അവസാനിക്കും.
www.ezhomelive.com
No comments
Post a Comment