തെരുവുനായ തലയോട്ടി കടിച്ചു പൊട്ടിച്ച വീട്ടമ്മയ്ക്ക് ഗുരുതരം
പരിയാരം:
തെരുവുനായ തലയോട്ടി കടിച്ചു പൊട്ടിച്ച വീട്ടമ്മയ്ക്ക് ഗുരുതരം. വെള്ളോറ കോയിപ്രയിലെ മുരിക്കാൽ ഹൗസിൽ എം.അശോകന്റെ ഭാര്യ മീനാക്ഷിയെ (62) യാണ് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച രാവിലെ വീട്ടിൽ മുറ്റമടിച്ചു കൊണ്ടിരിക്കെയാണ് പിറകിൽ നിന്നും വന്ന നായ മീനാക്ഷിയുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചത്.
ഇതിനിടയിൽ തറയിലേക്ക് വീണ മീനാക്ഷിയുടെ തലയിൽ കടിച്ച് മുറിവേൽപ്പിച്ച തെരുവ് നായ വീട്ടുകാർ എത്തിയപ്പോഴാണ് ഓടി രക്ഷപ്പെട്ടത്. അബോധാവസ്ഥയിലായ മീനാക്ഷിയെ ഉടൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.തലയോടിന്റെ ഒരു ഭാഗം അടർന്ന് തൂങ്ങിയ നിലയിലായതിനാൽ ആ ഭാഗം നീക്കം ചെയ്യുകയായിരുന്നു.
തുന്നലിട്ടെങ്കിലും തലയോട്ടിയുടെ ഭാഗം നീക്കം ചെയ്തത് ഉണങ്ങാത്തതിനാൽ കടുത്ത വേദനയും ക്ഷീണവും വർധിച്ച മീനാക്ഷിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരിക്കയാണ്. എന്നാൽ കടുത്ത സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്നതിനാൽ എങ്ങനെ കോഴിക്കോടേക്ക് കൊണ്ടു പോകണമെന്ന ആലോചനയിലാണ് വീട്ടുകാർ.
പഞ്ചായത്ത് അധികൃതരെയും വനംവകുപ്പിനെയും സമീപിച്ചെങ്കിലും സാമ്പത്തിക സഹായം ചെയ്യാനാവില്ലെന്ന നിലപാടിലാണ് ഇവർ. ഇപ്പോൾ തന്നെ ശസ്ത്രക്രിയ നടത്താൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഭാരിച്ച തുക ചെലവായിരിക്കയാണ്. എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കുടുംബാംഗങ്ങൾ.
No comments
Post a Comment