വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെതുടർന്ന് വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സുഗമമായി പോളിംഗ് തുടരാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. ആവശ്യമെങ്കിൽ ആറ് മണിക്ക് ശേഷവും വോട്ടിംഗ് തുടരുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടും രാഷ്ട്രീയ പാർട്ടികളുടെ ആവശ്യവുമെല്ലാം പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
മൊത്തം അഞ്ച് നിയോജകമണ്ഡലങ്ങളിലുമായി 10.30 വരെയുള്ള കണക്കനുസരിച്ച് 16.6 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടിക്കാറാം മീണ അറിയിച്ചു. കൊച്ചിയിൽ രാത്രി മുതൽ മഴ ശക്തമാണ്, ചില ബൂത്തുകളിൽ വെള്ളം കയറിയിട്ടുണ്ട് എന്നാൽ പോളിംഗ് പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് ടിക്കാറാം മീണ അറിയിക്കുന്നത്. പോളിംഗ് സുഗമമായി മുന്നോട്ട് കൊണ്ട് പോകാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ടെന്നും മീണ ഉറപ്പ് നൽകി.
പത്ത് പോളിംഗ് ബൂത്തുകളിൽ വെള്ളം കയറിയതിനാൽ താഴത്തെ നിലയിൽ നിന്ന് ബൂത്ത് മുകളിലെ നിലയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി വീക്ഷിക്കുകയാണെന്നുമാണ് വിശദീകരണണം. നാല് നിയോജകമണ്ഡലങ്ങളിൽ പോളിംഗ് സുഗമമായി മുന്നോട്ട് പോകുന്നുണ്ടെന്നും കൊച്ചിയിലെ ചില ബൂത്തുകളിൽ മാത്രമാണ് പ്രശ്നമുള്ളതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
www.ezhomelive.com
No comments
Post a Comment