തളിപ്പറമ്പിൽ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് പണം വാങ്ങി മുങ്ങിയ ഏജന്റ് പിടിയിൽ
തളിപ്പറമ്പിൽ വാഹനത്തിന്റെ ക്ഷേമനിധി, ടാക്‌സ് എന്നിവ അടച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്തുതരാമെന്ന് വാഗ്ദാനം നൽകി പയ്യാവൂര്‍ സ്വദേശിയില്‍ നിന്നും 60,000 രൂപ തട്ടിയെടുത്ത ആര്‍.ടി.ഒ ഏജന്റ് അറസ്റ്റില്‍. കാനൂല്‍ മോറാഴയിലെ തറമ്മല്‍ വീട്ടില്‍ ടി.മഹേഷ് (48)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തില്‍ വഞ്ചനകുറ്റത്തിന് അറസ്റ്റ് ചെയ്തത്. 2016 ജനുവരി 20 ന് പയ്യാവൂരിലെ കീച്ചേരിക്കുന്നേല്‍ വീട്ടില്‍ ബോബന്‍തോമസില്‍ നിന്ന് മഹേഷ് 60,000 രൂപയും വാഹനത്തിന്റെ ആര്‍സി ബുക്കും മറ്റും വാങ്ങിയെങ്കിലും പണം അടക്കാതെ മുങ്ങിയെന്നാണ് പരാതി. തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ലളിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ നടത്തിപ്പുകാരനാണ് മഹേഷ്. ടാക്‌സ് അടച്ചില്ലെന്ന് മാത്രമല്ല, ആര്‍സി ബുക്കും മറ്റ് രേഖകളും തിരിച്ച് നല്‍കാതെ ഒളിച്ചുനടക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മഹേഷില്‍ നിന്നും ആറുപതിലേറെ ആര്‍സി ബുക്കുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി പേര്‍ ഇയാള്‍ക്കെതിരെ സമാനമായ പരാതികളുമായി രംഗത്തുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈന്‍, ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡിലെ സീനിയര്‍ സിപിഒ സുരേഷ് കക്കറ എന്നിവരും മഹേഷിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
No comments
Post a Comment