ഹാമർ തലയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അഫീൽ ജോൺസന് നാടിന്റെ അന്ത്യാഞ്ജലി
കോട്ടയം: പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അഫീൽ ജോൺസന് നാടിന്റെ അന്ത്യാഞ്ജലി. പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി രാവിലെ പത്തരയോടെയാണ് അഫീൽ ജോൺസന്റെ മൃതദേഹം പുറത്തെത്തിച്ചത്. ജില്ലാ കളക്ടർ പികെ സുധീർ ബാബു ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വൻ ജനാവലിയാണ് അഫീലിന് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മോർച്ചറിക്ക് മുന്നിലെത്തിയത്. വിലാപയാത്രയായി പാലായിലെത്തിച്ച മൃതദേഹം സെന്റ തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചു.
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വളന്റിയറായിരുന്ന അഫീലിന് ഈ മാസം നാലിനാണ് ഹാമർ തലയിൽ പതിച്ച് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന അഫീലിന് ഇന്നലെ വൈകിട്ട് ഹൃദയാഘാതമുണ്ടായി ജീവൻ നഷ്ടമാവുകയായിരുന്നു. ജാവലിൻ ഹാമർ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ഗുരുതര വീഴ്ച്ചയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഘാടകരായ നാല് പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയും നാളെ റിപ്പോർട്ട് നൽകും.
No comments
Post a Comment