Header Ads

  • Breaking News

    പെരിയയിലെ കൊലപാതക്കേസ്; സിബിഐ അന്വേഷണം വേണ്ട, ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന്  സര്‍ക്കാര്‍



    കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമെന്നുമാണ് സര്‍ക്കാര്‍ വാദം. കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിച്ചതാണെന്നും കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച ബെഞ്ച് പരിഗണിക്കും. 

    കഴിഞ്ഞ മാസം 30നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓ‌ര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

    ഇത്രയും പ്രധാനമായ കേസിൽ ഫോറൻസിക് സർജന്‍റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാൾ പ്രതികളെയാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സിബിഐക്ക് വിട്ടത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

    കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad