പിണറായിയിൽ കടകൾ കുത്തിത്തുറന്ന് വ്യാപകമോഷണശ്രമം
പിണറായിയിൽ കടകൾ കുത്തിത്തുറന്ന് വ്യാപകമോഷണശ്രമം. അഞ്ച് കടകളാണ് കഴിഞ്ഞദിവസം രാത്രി കുത്തിത്തുറന്നത്. സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ പിണറായി കവലയിൽ പ്രവർത്തിക്കുന്ന നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പുഞ്ചിരി ടെക്സ്റ്റൈലിന്റെ സി.സി.ടി.വി. ക്യാമറയുടെ എൽ.ഇ.ഡി. മോണിറ്റർ കവർന്നിട്ടുണ്ട്. ഇതേതുടർന്ന് പിണറായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിണറായിയിലെ സഹകരണ ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചതിൽ, മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖംമൂടിയണിഞ്ഞാണ് കവർച്ച നടത്തിയത് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. തുടർന്ന്, കണ്ണൂരിൽനിന്ന് ശ്വാനസേനയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയിൽ പോലീസ് പരിശോധന ശക്തമാക്കുമെന്നും മമ്പറം, പിണറായി, കാപ്പുമ്മൽ, കായലോട് എന്നിവിടങ്ങളിലെ വ്യാപാരി വ്യവസായികളെയും, ധനകാര്യസ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവരെയും പങ്കെടുപ്പിച്ച് അടുത്ത ദിവസംതന്നെ യോഗം വിളിക്കുമെന്നും, പിണറായി വേങ്ങാട് പഞ്ചായത്തുകളെ സഹകരിപ്പിച്ച് ഇവിടങ്ങളിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാൻ ശ്രമിക്കുമെന്നും എസ്.ഐ. കെ.വി.ഉമേഷ് അറിയിച്ചു.
No comments
Post a Comment