ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പൂതന പരാമർശം തിരിച്ചടി; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
ആലപ്പുഴ: അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ ജി സുധാകരന്‍റെ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ആലപ്പുഴ ജില്ലാ കമ്മിറ്റി അരൂരിലെ തോൽവി അന്വേഷിക്കും. എറണാകുളത്ത് പാർട്ടി വോട്ടുകൾ ബൂത്തിലെത്തിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നാലായിരത്തിലധികം പാർട്ടി വോട്ടുകൾ പോൾ ചെയ്തില്ലെന്നും പാർട്ടി സെക്രട്ടേറിയേറ്റ് വിമർശിച്ചു. മഞ്ചേശ്വരത്തെ ശങ്കർ റൈയുടെ വിശ്വാസ നിലപാടുകൾക്കും സെക്രട്ടേറിയറ്റിൽ വിമർശനം.
കേരളത്തിൽ എൽഡിഎഫ് അനുകൂല സാഹചര്യം രൂപപ്പെട്ടപ്പോഴും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് ഏറെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. പൂതന പരാമർശം സ്ത്രീകൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം വിലയിരുത്തുന്നു, വിഷയം ആലപ്പുഴ ജില്ലാ കമ്മിറ്റി വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.കൊല്ലങ്ങളായി ചുവപ്പ് കോട്ടയായിരുന്ന അരൂർ കൈവിട്ടതിന്‍റെ ഞെട്ടലിലാണ് എൽഡിഎഫ്. സിപിഎം ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫ് ലീഡ് നേടിയത് കണ്ടു നിൽക്കാനെ ഇടതു മുന്നണിക്ക് കഴിഞ്ഞുള്ളൂ. ഇടത് ശക്തികേന്ദ്രങ്ങളായ പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം പഞ്ചായത്തുകളിൽ ദയനീയ പ്രകടനം ആണ് എൽഡിഎഫ് കാഴ്ച വച്ചത്. ലീഡ് പ്രതീക്ഷിച്ചിരുന്ന തുറവൂരിലും വലിയ തിരിച്ചടി നേരിട്ടു. ജില്ലയിലെ മൂന്ന് മന്ത്രിമാരും പ്രധാന നേതാക്കളും അടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഫലമുണ്ടായില്ല.
www.ezhomelive.com
No comments
Post a Comment