കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ സംഘർഷം
എറണാകുളം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ. സുപ്രീംകോടതി വിധി അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തി. ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ യാക്കോബായ വിഭാഗവും പ്രതിഷേധവുമായെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പള്ളിക്കു മുന്നില്‍ യാക്കോബായ വിഭാഗം പ്രതിഷേധിക്കുകയാണ്. ശവപ്പെട്ടിയുമേന്തിയാണ് പ്രതിഷേധം.
ഇന്ന് രാവിലെ 9 മണിയോടെ കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കാനെത്തുമെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചിരിക്കുന്നത്. പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് തോമസ് പോള്‍ റമ്പാന്‍ ഡി.ജി.പിക്കും ജില്ലാ കലക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. നേരത്തെ നാല് തവണ തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. അതേസമയം തോമസ് പോള്‍ റമ്പാനെ ഒരു കാരണവശാലും പള്ളിയില്‍ പ്രവേശിക്കാനനുവദിക്കിലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ പക്ഷം.
പള്ളിപ്പരിസരത്തായി വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ കുപ്പികളിലും കന്നാസുകളിലും പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് ഏജന്‍സികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
No comments
Post a Comment