Header Ads

  • Breaking News

    തോരാമഴയിൽ മുങ്ങി എറണാകുളത്തെ തെരഞ്ഞെടുപ്പ്



    എറണാകുളം:ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്ത മഴയിൽ മണ്ഡലത്തിലെ ബൂത്തുകൾ ഉൾപ്പെടെ വെള്ളത്തിലായി. ഇതോടെ ബൂത്തുകളിലേക്ക് വോട്ടർമാർക്ക് നടന്നെത്താൻ പോലും ആകാത്ത സ്ഥിതിയായി. കോരിച്ചൊരിയുന്ന മഴയിൽ നഗരത്തിലെ പ്രധാന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിലാണ്. പല ഇടത്തും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി.

    വെള്ളക്കെട്ടിന്റെ അപകടാവസ്ഥ അവഗണിച്ച് പോളിംഗ് ബൂത്തിലേക്കെത്താനുള്ള ശ്രമം വോട്ടർമാർ നടത്തുന്നുണ്ടെങ്കിലും മഴ തുടരുന്നത് കനത്ത വെല്ലുവിളിയാണ്. കനത്ത മഴ പോളിംഗ് ശതമാനത്തിൽ വൻ ഇടിവുണ്ടാക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. ബോട്ടുകൾ ഇറക്കി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ ഉള്ള ആലോചനകളും മുന്നണികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.അരയോളം വെള്ളത്തിൽ തുഴഞ്ഞ് വോട്ടർമാർ ബൂത്തിലെത്തുന്ന കാഴ്ചയാണ് പല ഇടത്തും ഉള്ളത്.

    വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോഴും വെറും 3 ശതമാനം പോളിംഗ് മാത്രമാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് നടത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും എറണാകുളം കളക്ടർ എസ് സുഹാസ് പറഞ്ഞു. പോളിംഗ് ബൂത്തുകളിലടക്കം വെള്ളം കയറിയ സാഹചര്യത്തിൽ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.

    പോളിങ് മാറ്റിവയ്ക്കണമെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു.70 ശതമാനം ബൂത്തുകളിലും വെളിച്ചമില്ലെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ പോളിംഗ് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറെയും ജില്ലാ കളക്ടറെയും അറിയിച്ചുവെന്നും പറവൂർ എംഎൽഎ കൂടിയായ വി ഡി സതീശൻ പ്രതികരിച്ചു. എറണാകുളത്തെ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി നേതാവ്എം എസ് കുമാറും ആവശ്യപ്പെട്ടു


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad