Header Ads

  • Breaking News

    നാടകീയ നീക്കങ്ങളുമായി ജോളി; താന്‍ ഏറെ അവശയാണെന്ന് സ്ഥാപിക്കാനുള്ള അഭിനയമാണ് ജോളി നടത്തിയതെന്നാണ് അന്വേഷണ സംഘം


    കോഴിക്കോട്

    കസ്റ്റഡി കാലാവധിയുടെ അവസാന ദിവസങ്ങളില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കി നാടകീയ നീക്കങ്ങളുമായി ജോളി. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ താന്‍ ഏറെ അവശയാണെന്ന് സ്ഥാപിക്കാനുള്ള അഭിനയമാണ് ജോളി നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അന്വേഷണ സംഘത്തെ വഴിതിരിച്ചു വിടാനായി ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ജോളി പങ്ക് വെയ്ക്കുന്നതായും കണ്ടെത്തിയതായി പൊലീസ് പറയുന്നു.

    ഒരു ഭാഗത്ത് അഭിനയവും മറുഭാഗത്ത് കള്ള മൊഴികളും - ഇതായിരുന്നു കസ്റ്റഡിയിലെ അവസാന ദിവസങ്ങളില്‍ ജോളി അന്വേഷണ സംഘത്തിന് മുമ്പില്‍ തീര്‍ത്ത പ്രതിബന്ധങ്ങള്‍. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നായിരുന്നു ജോളിയുടെ നിലപാട്. ഇത് ചോദ്യം ചെയ്യലിനെ ബാധിച്ചു. ബുധനാഴ്ച അഭിഭാഷകനെ കണ്ടതിനു ശേഷമായിരുന്നു ജോളിയുടെ അഭിനനയ നീക്കമെന്നാണ് അന്വേഷണ സംഘം പറയുന്നത്. മൊഴികള്‍ പലതും തങ്ങളെ വഴി തെറ്റിക്കാനാണെന്നും അന്വേഷണ സംഘം പറയുന്നു.

    മഞ്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയാണെന്നായിരുന്നു ജോളിയുടെ മൊഴി. ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നത് പതിവുണ്ടായിരുന്നുവെന്നൊക്കെയാണ് അത് സ്ഥാപിക്കാനായി അന്വേഷണ സംഘത്തിന് മുന്നില്‍ ജോളി മൊഴി നല്‍കിയത്. എന്നാല്‍ ജോളിയുമൊത്ത് മദ്യം കഴിക്കാറുണ്ടായിരുന്നില്ലെന്ന് മാത്യുവിന്റെ ഭാര്യയുടേയും മറ്റ് ബന്ധുക്കളുടേയും മൊഴികളില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മാത്യു അവസാന കാലത്ത് മദ്യമേ കഴിക്കാറുണ്ടായിരുന്നില്ലെന്ന് തിരച്ചറിഞ്ഞതും ജോളി കള്ളം പറയുന്നതിന് തെളിവായി അന്വേഷണ സംഘം പറയുന്നു.

    അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പത്തെ ദിവസവും മകന്‍ റോമോയെ കബളിപ്പിക്കാന്‍ ജോളി ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ചില കയ്യബദ്ധങ്ങള്‍ പറ്റിയെന്ന് മകനോട് ഏറ്റുപറഞ്ഞ ശേഷം ടോം തോമസിനെ കൊന്നത് റോയി തോമസാണെന്ന് വിശ്വസിപ്പിക്കാനും ശ്രമിച്ചു. അച്ചാച്ചന്‍ അങ്ങനെ ചെയ്യില്ലന്ന് പറഞ്ഞ് റോമോ സംസാരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനാല്‍ തന്നെ ജോളി നല്‍കിയ മൊഴികള്‍ പൂര്‍ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad