ആലുവയിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച സംഭവം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച യുവതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആര്യയെ അറസ്റ്റ് രേഖപെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടു. ഇരുചക്ര വാഹനം അശ്രദ്ധമായി നീക്കിവച്ചുവെന്ന പേരിലാണ് യുവതി സെക്യൂരിറ്റി ജീവനക്കാരനെ പരസ്യമായി മുഖത്തടിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരുചക്ര വാഹനം അശ്രദ്ധമായി നീക്കിവച്ചുവെന്ന് ആരോപിച്ച് യുവതി സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചത്. സെക്യൂരിറ്റിയെ തല്ലുന്നത് കണ്ട ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപിച്ചിരുന്നു. എന്നാൽ അന്ന് കേസെടുക്കാൻ തയ്യാറാവാതിരുന്ന പൊലീസ്, സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കേസെടുക്കാൻ തയ്യാറായത്. യുവതിയോട് പലവട്ടം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്വപെട്ടെങ്കിലും ഇവർ എത്തിയില്ല. ഇന്ന് ഹാജരായില്ലെകിൽ അറസ്റ്റ് ചെയ്ത് കൊണ്ടുവരുമെന്നറിയിച്ചതിനെ തുടർന്നാണ് അഭിഭാഷകനോടൊപ്പം യുവതി സ്റ്റേഷനിൽ ഹാജരായത്.
അസഭ്യം പറഞ്ഞതിനും അപായപെടുത്താനും ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ വാർഡനായി ജോലി ചെയ്യുകയാണ് യുവതി. ക്രിമിനൽ കേസെടുത്ത സാഹചര്യത്തിൽ ഇവരെ പിരിച്ച് വിടുന്നതടക്കമുള്ള നടപടികൾക്കായി രജിസ്ട്രാറോട് ശുപാർശ ചെയ്യുമെന്ന് കുസാറ്റ് ചീഫ് വാർഡൻ ഡോ. അജിത് മോഹൻ പറഞ്ഞു.
No comments
Post a Comment