പ്രളയകാലത്ത് ആംബുലൻസിന് വഴിയൊരുക്കിയ ബാലന് കോഴിക്കോടിന്റെ ആദരം
പ്രളയസമയത്ത് ജീവൻ പണയംവച്ച് ആംബുലൻസിന് വഴിയൊരുക്കിയ ബാലന് കോഴിക്കോടിന്റെ ആദരം. കർണാടയിലെ റായ്ചൂർ സ്വദേശിയായ വെങ്കടേശനെന്ന പന്ത്രണ്ടുകാരന് കേരളത്തിലെ ഒരുകൂട്ടം മനുഷ്യസ്നേഹികൾ ചേർന്ന് വീട് നിർമിച്ച് നൽകും.
കുറ്റ്യാടിയിലെ എംഐയുപി സ്‌കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് വീടൊരുക്കുന്നത്. റായ്ചൂരിലെ ഹിരാറായികുംപെയിൽ താമസിക്കുന്ന വെങ്കടേശനെയും കുടുംബത്തെയും സന്ദർശിക്കാനായി പിടിഎ പ്രസിഡന്റ് കെപി റഷീദിന്റെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചു. നാളെ രാവിലെ റായ്ചൂരിലെത്തുന്ന സംഘം രണ്ടു ദിവസം അവിടെ തങ്ങി വീട് നിർമാണത്തിനുള്ള പ്രാഥമിക നടപടികൾക്കു തുടക്കമിടും.
ആഗസ്റ്റിൽ കർണാടകയിലുണ്ടായ പ്രളയത്തിലാണ് വെങ്കടേശൻ അരയ്ക്കൊപ്പം വെള്ളത്തിൽ ഓടി ആംബുലൻസിന് വഴിയൊരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് വെള്ളത്തിൽ കുടുങ്ങിയ ആംബുലൻസിന് വഴികാട്ടിയായി വെങ്കടേശനെത്തിയത്. ഓട്ടത്തിനിടെ പലതവണ വീണെങ്കിലും ലക്ഷ്യത്തിൽ നിന്ന് പിന്തിരിയാൻ വെങ്കടേശൻ തയ്യാറായില്ല. നിരവധി പേർ വെങ്കടേശനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
No comments
Post a Comment