Header Ads

  • Breaking News

    കൂടത്തായി കൊലപാതക പരമ്പര;  ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നു



    കോഴിക്കോട്:  കൂടത്തായി കൂട്ട കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നു. വടകര തീരദേശ പൊലീസ് സ്റ്റേഷനിൽ വച്ചാണ് ചോദ്യം ചെയ്യൽ. ഷാജുവിന്റെ അച്ഛൻ സഖറിയാസിനേയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിട്ടുണ്ട്. 

    സിലി കൊല്ലപ്പെടുമെന്ന് ഭർത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സിലിയുടെ പോസ്റ്റ്മോർട്ടം എതിർത്തത് അതുകൊണ്ടാണ് എന്നാണ് പൊലീസ് കരുതുന്നത്. സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നും കണ്ടെത്തൽ. ഷാജുവിനെതിരായ ജോളിയുടെ മൊഴിയും നിഗമനം ശരിവയ്ക്കുന്നതാണ്. അന്വേഷണ സംഘം ഇന്ന് ഷാജുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. എസ്പി ഓഫീസിൽ രാവിലെ ഹാജരാകാൻ ഷാജുവിന് നിർദേശം നൽകിയിട്ടുണ്ട്. സക്കറിയേയും ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയിട്ടുണ്ട്.

    അതേസമയം, കേസിൽ ഒന്നാംപ്രതിയായ ജോളിയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ് ഇന്ന് നടക്കുക. താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. ഇന്നലെ 11 മണിക്കൂറിലധികം അന്വേഷണ ഉദ്യോഗസ്ഥർ ജോളിയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെയും ചോദ്യം ചെയ്യൽ തുടരും. ഇതിന് ശേഷമായിരിക്കും തെളിവെടുപ്പ്. വരും ദിവസങ്ങളിൽ കട്ടപ്പനയിൽ തെളിവെടുപ്പ് നടത്താനും അന്വേഷണ ഉദ്യോഗസ്ഥർക്ക് പദ്ധതിയുണ്ട്. ഇന്നലത്തെ ചോദ്യം ചെയ്യലിൽ ചില നിർണായക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

    ഇന്നലത്തെ ചോദ്യം ചെയ്യലിലും ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയിരുന്നു. കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാർ കൈമാറിയ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രിയില്‍ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു. ഈ ആഭരണങ്ങളാണ് ഷാജുവിന് കൈമാറിയതെന്ന് ജോളി വ്യക്തമാക്കി. മരണസമയത്ത് സിലി ധരിച്ചിരുന്ന സ്വര്‍ണവും സിലിയുടെ കൈവശം നേരത്തെയുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് ബന്ധുക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

    എന്നാല്‍, ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയില്‍ കൊണ്ടുപോയി ഭണ്ഡാരത്തിലിട്ടിരുന്നു എന്നാണ് ഭര്‍ത്താവ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് നേരത്തെ പറ‌ഞ്ഞിരുന്നത്. അതിനാല്‍ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു പറ‌ഞ്ഞിരുന്നു. ആഭരണങ്ങളൊന്നും കൈവശമില്ലെന്ന ഷാജുവിന്‍റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ ഇപ്പോഴത്തെ മൊഴി.
     

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad