തളിപ്പറമ്പിൽ നടന്ന മനുഷ്യച്ചങ്ങലയിൽ സിപിഎം പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷം
തളിപ്പറമ്പിൽ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമര സഹായസമിതിയുടെ നേത്യത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ സിപിഎം പ്രവര്‍ത്തകരും പോലീസുമായി സംഘര്‍ഷം. ഇന്ന് വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് ദേശീയ പാതയിലാണ് സംഘര്‍ഷം നടന്നത്. ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്ത മനുഷ്യചങ്ങല കഴിഞ്ഞ് റോഡരികില്‍ ടേസ്റ്റി പാര്‍ക്ക് ബേക്കറിക്ക് സമീപം ചേര്‍ന്ന പൊതുയോഗത്തില്‍ നേതാക്കള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. റോഡരികില്‍ കൂട്ടം കുടി നിന്ന ആളുകളോട് ഗതാഗത തടസം ഉണ്ടാവുന്നതിനാല്‍ മാറി നില്‍ക്കണമെന്ന് ട്രാഫിക് എസ് ഐ കെ.വി.മുരളി നിരന്തരമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ഒരു സംഘം ആളുകള്‍ ട്രാഫിക് എസ്‌ഐയെ പിടിച്ചു തള്ളുകയും പോലീസും ഇവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ട്രാഫിക് എസ്‌ഐ സ്ഥലത്തുനിന്ന് പോകണമെന്ന് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ ഡ്യൂട്ടി ചെയ്യുകയാണെന്നും പോകാനാവില്ലെന്നും എസ്‌ഐ തിരിച്ചടിച്ചതോടെ വീണ്ടും സംഘടിച്ചുനിന്ന പ്രവര്‍ത്തകര്‍ പോലീസുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. സംഘര്‍ഷം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
No comments
Post a Comment