ഇരിട്ടി പാലം നിർമ്മാണം ഉപാധികളോടെ മണ്ണിട്ട് നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനം
ഇരിട്ടി:
ഇരിട്ടി പാലം പണി തുടരുന്നതിനായി നിയന്ത്രിതമായും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചും പുഴയിൽ മണ്ണിട്ട് നിർമാണ പ്രവർത്തികൾ തുടരാൻ ധാരണ. നേരത്തെ അധികൃതർ നൽകിയ ഉറപ്പു ലംഘിച്ച് പുഴയിൽ പാലം പണിക്കായി മണ്ണിടുന്നത് ശാസ്ത്ര സാഹിത്യ പരിഷത്ത് തടഞ്ഞതിനെ തുടർന്ന് ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി.അശോകൻ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ ഉൾപ്പെടെ വിളിച്ച് നടത്തിയ ചർച്ചയിലാണ് തീരുമാനം.
പരിസ്ഥിതി പ്രവർത്തകർ നേരത്തെ ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് പുഴയിൽ മണ്ണിടാതെ നിർമാണം തുടരാൻ തങ്ങൾ തീരുമാനിച്ചതാണെന്നും എന്നാൽ 48 മീറ്റർ നീളം വരുന്ന ഒരോ സ്പാനിന്റെയും വാർപ്പ് മണ്ണിൽ നിലയുറപ്പിക്കാതെ നടത്താൻ ബന്ധപ്പെട്ട ഏജൻസികൾ ഒന്നും തയ്യാറാകാത്തതിനിലാണ് മണ്ണിട്ടതെന്നും കെഎസ്ടിപിയുടെ കൺസൽട്ടൻസി - കരാർ പ്രതിനിധികൾ യോഗത്തെ അറിയിച്ചു. പാലം പണി പൂർത്തിയാക്കാനുള്ള സമയം അതിക്രമിച്ചതും അണക്കെട്ടിൽ ഷട്ടറുകൾ ഇടാനുള്ള ദിവസം അടുത്ത വരുന്നതും ഉൾപ്പെടെയുള്ള പ്രതിസന്ധികളും ഇവർ ചൂണ്ടിക്കാട്ടി.
ഇതോടെ ഇപ്പോൾ ഇരിട്ടി ടൗൺ ഭാഗത്തെ സ്പാൻ വാർപ്പിനായി പുഴയിൽ ഇട്ട മണ്ണ് നീക്കം ചെയ്യാനും ഇതിന് ആനുപാതികമായി അടുത്ത സ്പാനിന്റെ വാർപ്പിന് മണ്ണിടാൻ ധാരണയാവുകയായിരുന്നു. പുതിതായി ശുദ്ധമായ മണ്ണ് മാത്രമേ ഇടാൻ പാടുള്ളൂ. ടാറിംങ്ങ് അവശിഷ്ടങ്ങളും മറ്റും ഇടാൻ പാടില്ല . മണ്ണിടുമ്പോൾ ഒഴുകി വെള്ളത്തിൽ പരക്കാതിരിക്കാൻ മണൽചാക്കുകൾ സംരംക്ഷണമായി അടുക്കണം. വാർപ്പ് തീരുന്നതോടനുബന്ധിച്ച് മണ്ണ് കോരി നീക്കണം. പാലം പണിക്ക് പരമാവധി ആധുനിക സാങ്കേതികവിദ്യയും ക്രെയിനുകളും ഉപയോഗക്കണം. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ 7 അംഗ നിരീക്ഷണ സമിതിയും രൂപീകരിച്ചു. അടുത്ത വർഷം ഫെബ്രുവരിയോടെ പണികൾ പൂർത്തിയാക്കണം. യോഗത്തിൽ കൺസ്ട്രക്ഷൻ കമ്പിനി ബ്രിഡ്ജസ് എൻജിനീയർ കെ.കെ.രാജേഷ്, ഇ കെ കെ മാനേജർ സി.സുനിൽകുമാർ, പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.വി. ദിവാകരൻ, അംഗം എം. വിജയകുമാർ, മേഖല സെക്രട്ടറി കെ.വി. സന്തോഷ് കുമാർ, കെ. സുരേശൻ, പി.എം. ദിവാകരൻ, സി.യശോനാഥ്, എം. ഷൺമുഖം, കെ.എൻ. രവീന്ദ്രനാഥ് എന്നിവരും പങ്കെടുത്തു.
നിരീക്ഷണ സമിതി അംഗങ്ങൾ - പി.പി.അശോകൻ, എൻ.അശോകൻ, കെ.കെ.രാജേഷ്, കെ.വി.സതീശൻ, സി.സുനിൽകുമാർ, കെ.സുരേശൻ, പി.എം.ദിവാകരൻ.
No comments
Post a Comment