ബൈക്കപകടമുണ്ടാക്കി കടന്നുകളഞ്ഞ വിദ്യാര്‍ഥിയെ എട്ട് മാസത്തിന് ശേഷം കണ്ടെത്തിയ പോലീസ് വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുക്കും
പയ്യന്നൂര്‍:
ബൈക്കപകടമുണ്ടാക്കി കടന്നുകളഞ്ഞ വിദ്യാര്‍ഥിയെ എട്ട് മാസത്തിന് ശേഷം കണ്ടെത്തിയ പോലീസ് വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുക്കും. പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ഥിക്ക് വാഹനം നല്‍കിയതിനെ തുടര്‍ന്ന് അപകടമുണ്ടാക്കിയതിനാണ് പിതാവിനെതിരെ കേസെടുക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചേകാലോടെ പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡ് പരിസരത്താണ് അപകടം. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സ്വദേശിനിയും പയ്യന്നൂര്‍ ശ്രീശങ്കരാചാര്യ സംസ്കൃത കോളേജ് സോഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് അസി.പ്രഫസറുമായ എ. അനിതയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സ്കൂള്‍ യൂണിഫോം ധരിച്ച ഒരു വിദ്യാര്ഥിയോടിച്ചുവന്ന ബൈക്കിടിച്ചാണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അനിതക്ക് ഗുരുതരമായി പരിക്കേറ്റത്.
അപകടം നടന്നയുടന്‍ നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. കാലിന്റെ എല്ല് തകര്‍ന്ന അനിത പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ആശുപത്രികളിലായാണ് ശസ്ത്രക്രിയയും തുടര്‍ ചികിത്സയും നടത്തിയത്. അപകടത്തെ തുടര്‍ന്ന് ഇവര്‍ പയ്യന്നൂര്‍ പോലീസിന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിട്ടും ഇടിച്ച വാഹനത്തെയോ വിദ്യാര്ഥിയേയോ കണ്ടെത്താനായിരുന്നില്ല.
സമീപത്തെ സിസിടിവികള്‍ പരിശോധിച്ചിട്ടും ഫലം കണ്ടില്ല.പിന്നീട് സ്കൂളുകള്‍ കേന്ദ്രീകരിച്ചായി പോലീസിന്റെ അന്വേഷണം. സ്കൂളുകളിലെത്തുന്ന നൂറ്റിയമ്പതോളം ഇരുചക്ര വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ് പോലീസ് എട്ട് മാസം മുമ്പ് അപകടമുണ്ടാക്കിയ ബൈക്ക് കണ്ടെത്തിയത്.
പതിവായി സൈക്കിളില്‍ സ്കൂളില്‍ വരാറുണ്ടായിരുന്ന വിദ്യാര്‍ഥിയാണ് സംഭവ ദിവസം ബൈക്കോടിച്ച് അപകടമുണ്ടാക്കിയതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കോടേരി, എഎസ്ഐ ടോമി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ദുരൂഹത നിറഞ്ഞ അപകടത്തിന്റെ ചുരുളുകളഴിച്ചത്.
മാതാപിതാക്കള്‍ മംഗളൂരു ആശുപത്രിയില്‍ പോയിരുന്ന ദിവസം വിദ്യാര്‍ഥി പിതാവിന്റെ ബൈക്കുമായി ഇറങ്ങിയാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ കണ്ടെത്തി.
എങ്കിലും വിദ്യാര്‍ഥിക്ക് പ്രായപൂര്ത്തിയെത്താത്തതിനാലാണ് ഈ സംഭവത്തില്‍ പിതാവിനെ പ്രതിയാക്കേണ്ടി വരുന്നതെന്ന് പോലീസ് പറഞ്ഞു. കണ്ണൂരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സമാനമായ സംഭവത്തില്‍ 36 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടതായി വന്നതെന്നും പോലീസ് ചൂണ്ടിക്കാണിച്ചു. പ്രായപൂര്‍ത്തിയെത്താത്ത മക്കള്‍ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങള്‍ക്ക് ഉത്തരവാദികള്‍ രക്ഷിതാക്കളായിരിക്കുമെന്ന ഓര്മ വേണമെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും പയ്യന്നൂര്‍ സിഐ എ.വി.ദിനേശന് പറഞ്ഞു.
No comments
Post a Comment