കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്ച: അടൂർ പ്രകാശ്
തിരുനന്തപുരം: കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്ചയാണെന്ന് അടൂർ പ്രകാശ് എം.പി. മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താൻ റോബിൻ പീറ്ററുടെ പേര് നിർദേശിച്ചത്. എന്നാൽ പിന്നീട് പാർട്ടി മോഹൻ രാജിനെ നിർത്താൻ തീരുമാനിച്ചപ്പോൾ ഞാൻ അത് പൂർണ്ണമായി അംഗീകരിച്ചെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതേ സമയം തോൽവി സംബന്ധിച്ച് തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും. പാർട്ടി ഫോറത്തിൽ മാത്രമേ ഇക്കാര്യങ്ങൾ പറയൂവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. കോന്നിയിലെ തോൽവി സംബന്ധിച്ച് കെപിസിസി ഗൗരവമായി പഠിക്കുകയും നടപടിയെടുക്കുകയും വേണം. ഇല്ലെങ്കിൽ പത്തനംതിട്ടയിൽ പാർട്ടിക്ക് കനത്ത തിരിച്ചടി ആവർത്തിക്കും. താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം തെറ്റാണ്. ഒന്നിൽ നിന്നും ഒളിച്ചോടി പോകുന്ന ആളല്ല അടൂർ പ്രകാശ്. ഇടതുപക്ഷത്തിന്റെ മണ്ഡലമായിരുന്ന കോന്നി ഞാൻ പിടിച്ചെടുത്തതാണ്. 806 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു എനിക്ക് ആദ്യം ലഭിച്ചിരുന്നത്. തുടർന്ന് മണ്ഡല പുനരേകീകരണ ഘട്ടത്തിലൊഴികെ ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ച് ഇരുപതിനായിരത്തിന് മുകളിലെത്തിച്ചു. കോന്നിയിലെ ജനങ്ങളെ എനിക്ക് നല്ല പോലെ മനസ്സിലാക്കാനാകും. പാർട്ടിയും മതവും ജാതിയും നോക്കാതെ തന്നെയാണ് അവർ എന്നെ സ്വീകരിച്ചിരുന്നത്.
പാർട്ടി പറഞ്ഞതനുസരിച്ചാണ് ആറ്റിങ്ങലിൽ മത്സരത്തിനിറങ്ങിയത്. 28 വർഷം ഇടതുമുന്നണി കുത്തകയാക്കി വെച്ചിരുന്ന ആറ്റിങ്ങലിൽ എനിക്ക് ജയിക്കാനായി. തുടർന്ന് കോന്നിയിൽ പകരം ആരെന്ന് പാർട്ടി ചോദിച്ചപ്പോഴാണ് റോബിൻ പീറ്ററുടെ പേര് നിർദേശിച്ചത്. ജാതിയും മതവും മറ്റൊന്നും നോക്കാതെ വിജയസാധ്യത മാത്രം നോക്കിയിരുന്നു ഇത്.
എന്നാൽ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ച് കെപിസിസി മോഹൻ രാജിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. അത് ഞാൻ പൂർണ്ണമായി അംഗീകരിച്ചു. പ്രചാരണങ്ങളിൽ പൂർണ്ണമായും പങ്കാളിയായി. തോൽവിയിൽ വലിയ ഖേദമുണ്ട്. ഡിസിസിക്കാണ് പ്രചാരണത്തിന്റേയും മറ്റും പൂർണ്ണ ചുമതലയുണ്ടായിരുന്നത്. അവരുടെ പ്രചാരണം ജനങ്ങളിലെത്തിയിട്ടുണ്ടാകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
No comments
Post a Comment