ജിയോക്കും എയർടെലിനും പണി; ലൈവ് ടിവി സേവനങ്ങളുമായി ബിഎസ്എൻഎൽ
ജിയോടിവിക്കും എയർടെൽ എക്സ്ട്രീമിനും ഭീഷണിയായി ബിഎസ്എൻഎൽ ലൈവ് ടിവി സംവിധാനവുമായി രംഗത്തെത്തുന്നു. പ്രമുഖ ലൈവ് ടിവി വെബ്‌സൈറ്റായ യപ് ടിവിയുമായി കൈകോർത്താണ് ബിഎസ്എൻഎൽ ലൈവ് ടിവി രംഗത്തേക്ക് ചുവടുവെക്കുന്നത്.
വീഡിയോ, വോയ്സ്, ഇന്റർനെറ്റ് എന്നിവ ഒന്നിക്കുന്ന ട്രിപ്പിൾ പ്ലേ സർവീസിലാണ് യപ് ടിവിയും ബിഎസ്എൻഎലും സഹകരിക്കുക. ബിഎസ്എൻഎലിൻ്റെ ഹൈസ്പീഡ് ഇൻ്റർനെറ്റ് സേവനമായ ഭാരത് ഫൈബറും ഇതിൽ പെടും. ബിഎസ്എൻഎൽ ജനറൽ മാനേജർ ഡികെ അഗർവാളും യപ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഡ്ഡിയും ഇക്കാര്യത്തിൽ ധാരണാപത്രം ഒപ്പിട്ടു. ഒരു മാസത്തിനുള്ളിൽ ഇതിന് അന്തിമരൂപം നൽകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു.
ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് സേവനം ഉപയോഗപ്പെടുത്തുന്നവർക്കാണ് യപ് ടിവിയുടെ വീഡിയോ സേവനങ്ങൾ ലഭ്യമാവുക. 4കെ വീഡിയോകൾ, ചാനലുകൾ തുടങ്ങി ജിയോ ടിവിയും എയർടെൽ എക്സ്ട്രീമും നൽകുന്ന മുഴുവൻ സേവനങ്ങളും യപ് ടിവിയിൽ ലഭ്യമാകും. സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ വീട്ടിലിരുന്ന് കാണാവുന്ന ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ എന്ന സേവനവും യപ് ടിവിയിലുണ്ട്.
No comments
Post a Comment