അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചത് അടുത്തുനിന്നല്ലെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജന്മാരുടെ വിലയിരുത്തല്‍. മണിവാസകത്തിന്‍റേയും രമയുടേയും ശരീരത്തില്‍ നിന്ന് മൊത്തം എട്ടു വെടിയുണ്ടകള്‍ കണ്ടെടുത്തു. അതേസമയം മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കാണാന്‍ അനുമതി തേടി ബന്ധുക്കള്‍ ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു രേഖാമൂലം അപേക്ഷ നല്‍കും.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. രമയുടെ ശരീരത്തില്‍ നിന്ന് അഞ്ചു വെടിയുണ്ടകള്‍ കിട്ടി. ഒന്ന്, തലയ്ക്കകത്തായിരുന്നു. മറ്റ് നാലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും. മണിവാസകത്തിന്‍റെ നെറ്റിയില്‍ നിന്ന് ഒന്നും നെഞ്ചില്‍ നിന്ന് രണ്ടും വെടിയുണ്ടകള്‍ കണ്ടെടുത്തു. കാര്‍ത്തിക്കിന്‍റെ വലതുകൈപ്പത്തി തകര്‍ന്ന നിലയിലാണ്. പതിനൊന്നു മണിക്കൂറെടുത്താണ് നാലു പേരുടേയും മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ നിര്‍ദ്ദേശമനുസരിച്ച് പോസ്റ്റ്മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി. അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. റീ പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരമൊരുക്കണമെന്നും സംസ്കാരം തടയണമെന്നും ആവശ്യപ്പെട്ട് ഭാര്യ കല മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു.തിരുച്ചിറപ്പളളയിലെ ജയിലാണ് കല.
ഇതിനിടെ ഏറ്റുമുട്ടലിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണച്ചുമതല. മൃതദേഹങ്ങള്‍ കാണണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് നിരാകരിച്ചു. ബന്ധുവാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട്.
No comments
Post a Comment