Header Ads

  • Breaking News

    വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ പഴയങ്ങാടി ബോട്ട് ജെട്ടി ഒരുങ്ങി



    പഴയങ്ങാടി: ഉത്തര മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാനുതകുന്ന മലനാട്-മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ ബോട്ട് ജെട്ടി ഒരുങ്ങി. മലബാറിലെ നദികളിലൂടെയും കായലുകളിലൂടെയുമുള്ള വിനോദ വിജ്ഞാന ജലയാത്ര സ്വദേശി ദർശൻ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിൽ 37 കോടി രൂപ അനുവദിച്ചിരുന്നു. മലബാറിന്റെ സാംസ്കാരിക കലാരൂപങ്ങൾ, തെയ്യം, ഒപ്പന, കോൽക്കളി, പൂരക്കളി, യക്ഷഗാനം എന്നിവ ഉൾപ്പെടുത്തിയും മലബാറിന്റെ ചരിത്രപരമായ സവിശേഷതകൾ ഉൾപ്പെടുത്തിയും പ്രമേയാധിഷ്ടിതമായ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ വരവോടെ കൂടുതൽ വിദേശ വിനോദസഞ്ചാരികൾ മലബാർ മേഖലയിലേക്ക് ആകർഷിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ്. കുപ്പം-പഴയങ്ങാടി നദിയിൽ കണ്ടൽ ക്രൂയിസ്, വളപട്ടണം നദിയിൽ മുത്തപ്പൻ ആൻഡ്‌ മലബാരി ക്യൂസിൻ ക്രൂയിസ്, തെക്കുമ്പാട് തെയ്യം ക്രൂയിസ് എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായാണ് പഴയങ്ങാടിയിൽ മൂന്നുകോടി രൂപ ചെലവിൽ ആധുനിക ബോട്ട് ടെർമിനൽ നിർമിച്ചത്.

    100 മീറ്റർ നീളത്തിലുള്ള ബോട്ടുജെട്ടിക്ക് 40 മീറ്ററിൽ നടപ്പാതയും, 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കാൻതക്ക സൗകര്യവും ഒരുക്കുന്നുണ്ട്. ഇതോടൊപ്പം ഡോളർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും ഒരുക്കും. പദ്ധതിയുടെ ഭാഗമായി പഴയങ്ങാടിയിൽ ഓപ്പൺ എയർ തിയേറ്റർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും, പഴയങ്ങാടി പുഴയിൽ ബോട്ടിങ് നടത്തുന്നതിനും ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ സാധ്യമാകും. ഇതിനായി നിരവധി ഉല്ലാസ ബോട്ടുകൾ ഈ മേഖലയിലേക്ക് കടന്നുവരും. അടുത്ത മാസം മുഖ്യമന്ത്രിപദ്ധതിയുടെ ഉദ്ഘാടനം നടത്തുമെന്നറിയുന്നു. ടി.വി.രാജേഷ് എം.എൽ.എ. മുൻകൈയെടുത്താണ് വിനോദസഞ്ചാര മേഖലയിലേക്ക് ഈ വലിയ മാറ്റത്തിന് കളമൊരുങ്ങുന്നത്.

    No comments

    Post Top Ad

    Post Bottom Ad