കരമന കൂടത്തിൽ തറവാട്ടിൽ ദുരൂഹ മരണം; വിൽപ്പത്രം പുറത്ത്
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിൽ ദുരൂഹമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജയമാധവൻ നായർ എഴുതിയതെന്ന് പറയപ്പെടുന്ന വിൽപ്പത്രം പുറത്ത്. തന്‍റെ സ്വന്തം ഇഷ്ടപ്രകാരം കാലശേഷം എല്ലാ സ്വത്തുക്കളും കാര്യസ്ഥനായ രവീന്ദ്രൻ നായർക്കാണ് എന്നാണ് വിൽപ്പത്രത്തിൽ എഴുതിയിരിക്കുന്നത്. ചെറിയ മാനസികപ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന്‍റെ ചികിത്സാരേഖകൾ നശിപ്പിച്ച ശേഷം കാര്യസ്ഥൻ അടക്കമുള്ള സംഘം വ്യാജമായി ഉണ്ടാക്കിയ ഒസ്യത്താണിത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
ദുരൂഹമായ രീതിയിൽ മരിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്ന ജയമാധവനും, അദ്ദേഹത്തിന്‍റെ അച്ഛന്‍റെ സഹോദരന്‍റെ മകൻ ജയപ്രകാശും അടക്കമുള്ളവർ താമസിച്ചിരുന്ന കൂടത്തിൽ തറവാട്ടിലെ ഉമാമന്ദിരം എന്ന വീട് അടക്കം, എല്ലാ സ്വത്തുവകകളും രവീന്ദ്രൻ നായർക്കാണ് എന്നാണ് ഒസ്യത്തിൽ പറയുന്നത്. താൻ അവിവാഹിതനാണ്, മക്കളില്ല, തന്‍റെ കാര്യങ്ങളെല്ലാം നോക്കുന്നത് രവീന്ദ്രൻനായരാണ്- അതിനാൽ എല്ലാ സ്വത്തുക്കളും രവീന്ദ്രൻ നായരുടെ പേർക്ക് എഴുതി വയ്ക്കുന്നു എന്നാണ് വിൽപ്പത്രത്തിലുള്ളത്. സ്വത്തിന്‍റെ എല്ലാ അവകാശവും രവീന്ദ്രൻ നായർക്കാണ്. തന്‍റെ മരണാനന്തരക്രിയകളും ചെയ്യേണ്ടത് രവീന്ദ്രൻ നായരാണ്.
2017-ലാണ് ജയമാധവൻ മരിക്കുന്നത്. 2016-ലാണ് ഈ വിൽപ്പത്രം ജയമാധവൻ എഴുതിയിരിക്കുന്നതെന്നാണ് രേഖ. ജയപ്രകാശിനെയും ജയമാധവനെയും നോക്കിയിരുന്ന, വീട്ടിൽ ജോലിയ്ക്ക് വന്നിരുന്ന, ലീന എന്ന സ്ത്രീയാണ് ഈ വിൽപ്പത്രത്തിൽ ഒന്നാം സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത്. ലീനയ്ക്ക് സ്വത്തിന്‍റെ ഒരു ഭാഗം നൽകിയാണ് ഈ വ്യാജവിൽപത്രം തയ്യാറാക്കിയതെന്ന് സംശയിക്കുന്നുവെന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരി പറയുന്നത്.
www.ezhomelive.com
No comments
Post a Comment