പണയംവച്ച സ്വര്‍ണം മറ്റു ബാങ്കുകളില്‍ പണയംവച്ചു തട്ടിപ്പ് ! തളിപ്പറമ്പ് ജില്ലാ ബാങ്ക് ജൂണിയര്‍ മാനേജരെ പിരിച്ചുവിട്ടു
തളിപ്പറമ്പ്:
ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിന്‍ ബ്രാഞ്ചില്‍ ഇടപാടുകാര്‍ പണയംവച്ച സ്വര്‍ണം ഔദ്യോഗിക പദവിയുപയോഗിച്ചു തട്ടിയെടുത്ത് മറ്റു ബാങ്കുകളില്‍ പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ ജൂണിയര്‍ മാനേജരെ പിരിച്ചുവിട്ടു. ചെറുകുന്ന് തറയിലെ തൂണോളി വീട്ടില്‍ ടി. വി. രമയെയാണ് (42) പിരിച്ചുവിട്ടത്.
ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ സഹകരണ ജോയിന്റ് രജിസ്ട്രാറുടെതാണു നടപടി. ബാങ്ക് ലോക്കറില്‍നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചത് തെളിഞ്ഞ സാഹചര്യത്തിലാണ് ജോലിയില്‍നിന്നു പിരിച്ചുവിട്ടത്. പണയസ്വര്‍ണം മോഷ്ടിക്കുകയും പകരം ലോക്കറില്‍ മുക്കുപണ്ടം വയ്ക്കുകയും ചെയ്തതിന് രമയെ 2017 ഒക്ടോബര്‍ 26ന് അന്നത്തെ സിഐ പി.കെ. സുധാകരനും എസ്ഐ പി.എ. ബിനു മോഹനനുമുള്പ്പെട്ട സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ തളിപ്പറമ്പ് ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി രമയെ റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഒരു മാസത്തോളം റിമാൻഡില്‍ കഴിഞ്ഞ രമയെ ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു.
ബാങ്ക് അധികൃതര്‍ സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ രമ കുറ്റക്കാരിയാണെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് നിയമപ്രകാരമുള്ള ആനുകൂല്യമായ എട്ടര ലക്ഷം രൂപ നല്കി രമയെ പിരിച്ചുവിട്ടത്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രമ.
രണ്ടാംപ്രതി ബാങ്ക് അപ്രൈസര്‍ മട്ടന്നൂര്‍ ഏച്ചൂരിലെ ഷഡാനനന്‍ 2017 ഒക്ടോബര്‍ 17 ന് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഷഡാനനെയും പിരിച്ചുവിടുകയുണ്ടായി. മൂന്നാം പ്രതിയായ ശാഖ സീനിയര്‍ മാനേജര്‍ ചെറുപഴശിയിലെ ഇ. ചന്ദ്രന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
No comments
Post a Comment