മരട് ഫ്ലാറ്റ്; പൊളിക്കണമെന്ന വിധിയിൽ അണുവിട പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധിയിൽനിന്ന് അണുവിട പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി. എല്ലാ ഫ്ളാറ്റ് ഉടമകൾക്കും 25 ലക്ഷം വീതം നിർമാതാക്കൾ നൽകണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു.
മരട് ഫ്ളാറ്റ് ഉടമകൾക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി 25 ലക്ഷം നൽകാൻ സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാൽ തങ്ങൾക്ക് 25 ലക്ഷം നൽകാൻ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി ശുപാർശ ചെയ്യുന്നില്ല എന്ന് ഫ്ളാറ്റ് ഉടമകൾ കോടതിയിൽ ചൂണ്ടിക്കാട്ടി. വിൽപ്പന കരാറിൽ തുക കുറച്ച് കാണിച്ചെങ്കിലും, ബാങ്ക് ലോണിനും മറ്റും വൻ തുക തങ്ങൾ ചെലവഴിച്ചിട്ടുണ്ട് എന്ന് ഫ്ളാറ്റ് ഉടമകൾ വാദിച്ചു. രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഉടമകൾ വ്യക്തമാക്കി.
ബാലകൃഷ്ണൻ നായർ സമിതിയുടെ മാനദണ്ഡം പ്രകാരം ഫ്ളാറ്റിന്റെ വില പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിച്ചത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് നഷ്ട പരിഹാരത്തിന് സമിതിയെ സമീപിച്ച എല്ലാവർക്കും 25 ലക്ഷം വീതം നൽകാൻ കോടതി നിർദേശിച്ചത്.
എന്നാൽ ഈ തുകയ്ക്ക് ഉള്ള രേഖകൾ ഫ്ളാറ്റ് ഉടമകൾ പിന്നീട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. നഷ്ട പരിഹാരത്തുക നൽകാൻ ഫ്ളാറ്റ് നിർമാതാക്കൾ 20 കോടി രൂപ കെട്ടി വയ്ക്കണം. ഈ തുക നൽകുന്നതിനായി ഫ്ളാറ്റ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരിപ്പിച്ച മുൻ ഉത്തരവിൽ സുപ്രീം കോടതി ഭാഗികമായി ഭേദഗതി വരുത്തി. സംസ്ഥാന സർക്കാർ പണം ഈടാക്കി ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷംവെച്ച് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഫ്ളാറ്റുകൾ പൊളിക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.
ഫ്ളാറ്റുകൾ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് ഫ്ളാറ്റുടമകളുടെ സംഘടന നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധിയിൽനിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകില്ലെന്നും കോടതി പറഞ്ഞു.
No comments
Post a Comment