Header Ads

  • Breaking News

    വിസ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സംഭവത്തില്‍ ഇടുക്കി സ്വദേശി തളിപ്പറമ്പ പോലീസിന്റെ പിടിയില്‍


    കണ്ണൂർ: 
    യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും വിസ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സംഭവത്തില്‍ ഇടുക്കി സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തെ ജമീല മന്‍സില്‍ അബ്ദുല്‍ കെ. നാസറി (56) നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി രക്‌നാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
    ചെറുപുഴ തയ്യേനിയിലെ പാലപ്പറമ്പില്‍ ലിപിന്‍ മാത്യുവിന്റെ പരാതിയിലാണ് അറസ്റ്റ്. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേക്ക് വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ലിപിന്റെ കയ്യില്‍ നിന്നും 60 ലക്ഷം രൂപ ഇയാള്‍ വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും വിസ വരാത്തതിനെ തുടര്‍ന്ന് ലിപിന്‍ ചെറുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെറുപുഴ പോലീസ് പരാതി തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് കൈമാറിയതോടെയാണ് കേരളത്തിലെ നിരവധി യുവതീ യുവാക്കളെ വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ച സംഭവത്തിന്റെ ചുരുളഴിയുന്നത്.

    പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇടുക്കി കുമളി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിനു ലഭിച്ചത്. കേരളത്തിന്റെ വിവിധ ജില്ലളില്‍ നിന്നായി നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങി വഞ്ചിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ എറണാകുളം കേന്ദ്രീകരിച്ച് 32 നഴ്‌സുമാര്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 1.25 കോടി രൂപയാണ് കൈപ്പറ്റിയത്.

    കൂടാതെ പാലയിലെ ജോഷിയില്‍ നിന്ന് 15 ലക്ഷം, ചെങ്ങന്നൂരിലെ പ്രദീപില്‍ നിന്നും 13 ലക്ഷം, കുമളിയിലെ ദേവി 9 ലക്ഷവും ഷീബയുടെ കയ്യില്‍ നിന്നും 30 ലക്ഷവും തൃശ്ശൂരിലെ ജോസഫില്‍ നിന്ന് അഞ്ച് ലക്ഷവും ഇയാള്‍ വാങ്ങിയിട്ടുണ്ട്. ഇതിനു പുറമേ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരേ വരുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ തേക്കടിയിലെ പമ്പ് ഓപ്പറേറ്ററായ നാസര്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെയും മകന്‍ മുരളിയുടെയും ഡ്രൈവറായും പ്രവര്‍ത്തിച്ചയാളാണ്.
    കഴിഞ്ഞ 20 ദിവസമായി തേക്കടിയിലെ ജോലി സ്ഥലത്തു നിന്നും ഇയാള്‍ മുങ്ങി നടക്കുകയാണെന്നും പകരം ഒരാളെയാണ് പമ്പ് ഓപ്പറേറ്ററാക്കി വച്ചിരിക്കുകയാണെന്നും പോലീസ് മനസിലാക്കിയിരുന്നു. നേരത്തെ വഞ്ചനാ കേസുമായി ബന്ധപ്പെട്ട് നാസറിനെ മൂന്നു മാസത്തോളം ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കുകയായിരുന്നു.
    ഇതിനിടെയാണ് കുമളി ബസ് സ്റ്റാന്‍ഡിലെത്തി ഇയാളെ പിടികൂടിയത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസ തയ്യാറാക്കുന്നതിനായി കോതമംഗലത്തെ സജിക്ക് 60 ലക്ഷം നല്‍കിയിട്ടുണ്ടെന്നും പ്രധാന സഹായായി പ്രവര്‍ത്തിച്ച എരുമേലിയിലെ കിഷോറും 60 ലക്ഷം രൂപ വാങ്ങി കടന്നു കളഞ്ഞതായും ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad