കൂടത്തായി; ജോളിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍, ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) വധിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളി (47)യെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 2 ല്‍ നിന്ന്പ്രൊഡക്ഷന്‍ വാറണ്ട് ലഭിക്കുന്നതോടെ ജോളിയെ കോടതിയില്‍ ഹാജരാക്കും. ഈ കേസില്‍ റിമാന്റ് ചെയ്ത ശേഷം പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കും.
പ്രൊഡക്ഷന്വാറണ്ട് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നുവെങ്കിലും ഇന്നലെ അവധിദിനമായതിനാല്‍ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷന് ഇന്‍സ്പക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന് ബേബി മുഖേന കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.
താമരശ്ശേരി ദന്താശപത്രിയില്‍ വെച്ച് സയനൈഡ് പുരട്ടിയ ഗുളിക നല്‍കി സിലിയെ കൊലപ്പെടുത്തി എന്നാണ് ജോളിയുടെ മൊഴി. സിലിയ്ക്ക് ജോളിയുടെ ബാഗില്‍ സൂക്ഷിച്ച വെള്ളം നല്‍കിയതായി സിലിയുടെ മകനും മൊഴി നല്‍കിയിട്ടുണ്ട്. താമരശ്ശേരി വെച്ച് അബോധാവസ്ഥയില്‍ ആയ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതും ദുരൂഹമാണ്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന എം എസ് മാത്യുവിനെ കോടതി അനുമതിയോടെ ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചു. സിലി, അല്‍ഫൈന്‍ കേസുകളില്‍ നിര്‍ണ്ണായക മൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിലിയുടെ കുടുംബാംഗങ്ങളില്‍ നിന്നുള്‍പ്പടെ പോലീസ് മൊഴി എടുത്തു.
www.ezhomelive.com
No comments
Post a Comment