കേരളം മികച്ച വിദ്യാഭ്യാസ സംസ്ഥാനം
ഇന്ത്യയിലെ എറ്റവും മികച്ച സ്‌കൂൾ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. നീതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂൾ എഡ്യുക്കേഷൻ ക്വാളിറ്റി ഇൻഡക്‌സിലാണ് കേരളം മറ്റ് സംസ്ഥാനങ്ങളെ പിൻതള്ളി ഒന്നാമത് എത്തിയത്. പട്ടികയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്.
മുപ്പത് സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിശോധിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം എല്ലാ ഘടകങ്ങളിലും ബഹുദൂരം മുന്നിലാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജസ്ഥാനും കർണാടകയും കേരളത്തിന് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ഉത്തർപ്രദേശ്, ജമ്മുകശ്മീർ, പഞ്ചാബ് തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങൾക്കാണ് അവസാന മൂന്ന് സ്ഥാനം.
രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മികച്ച വിദ്യാഭ്യാസ സംവിധാനം ഉള്ളത് യഥാക്രമം മണിപ്പൂർ, ത്രിപുര, ഗോവ സംസ്ഥാനങ്ങളിലാണെന്നും സർവേ വിലയിരുത്തി. നീതി ആയോഗിന്റെ ആഭിമുഖ്യത്തിൽ ലോക ബാങ്കും മാനവശേഷി വികസന വകുപ്പും സംയുക്തമായാണ് സ്‌കൂൾ എഡ്യുക്കേഷൻ ക്വാളിറ്റി ഇൻഡക്‌സ് തയ്യാറാക്കിയത്.
No comments
Post a Comment