Header Ads

  • Breaking News

    യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: 13 എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു കേസ്



    തിരുവനന്തപുരം: 

    യൂണിവേഴ്സിറ്റി കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് വധശ്രമത്തിനു കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തടക്കമുള്ളവര്‍ക്ക് പരുക്കേറ്റ സംഭവത്തിലാണ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
    മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന കെ.എസ്.യു പ്രവര്‍ത്തകരുടെ മൊഴി പ്രകാരമാണ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലിസിനെ ആക്രമിച്ചതിന് കെ.എസ്.യു. എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരേ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


    എന്നാല്‍ യൂനിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദിച്ച കേസിലെ പ്രതിയായ മഹേഷ് കോഴ്‌സ് കഴിഞ്ഞിട്ടും പത്തുവര്‍ഷമായി കാംപസില്‍ കറങ്ങി നടക്കുകയാണെന്നാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.ഇയാള്‍ ഒളിവിലാണ്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാള്‍ മുങ്ങിയത്.
    ഇന്നലെ എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും നടന്നിരുന്നു. ഈ കല്ലേറിലാണ് അഭിജിത്തിനു പരുക്കേറ്റത്. തടിക്കഷ്ണം കൊണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഭിജിത്തിനെ അടിച്ചെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇരു വിഭാഗം വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷം വൈകീട്ടും തുടര്‍ന്നു.
    വീണ്ടും യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷങ്ങളിലേക്കു മാറുകയാണ്. അഖില്‍ വധശ്രമത്തിന് ശേഷം ഇവിടെ നടപ്പാക്കിയ മാറ്റങ്ങള്‍ എങ്ങുമെത്തിയില്ല എന്നതിന് അടിവരയിടുകയാണ്. 

    പുതിയ സംഭവങ്ങള്‍. ഇപ്പോഴും തുടരുന്ന അക്രമങ്ങളെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. കെ.എസ്.യു അംഗബലം കൂടിയതോടെ കോളജില്‍ പോര്‍വിളി പതിവാകുകയാണ്.

    കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റോഡ് ഉപരോധിക്കാന്‍ എത്തിയതോടെയാണ് രാത്രി പ്രശ്‌നങ്ങളുണ്ടായത്. ഇരുവിഭാഗം നേതാക്കളുമായി പൊലിസ് സംസാരിച്ചെങ്കിലും ആരും പിന്‍വലിയാന്‍ സന്നദ്ധരായില്ല. തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു എന്നാരോപിച്ചുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

    No comments

    Post Top Ad

    Post Bottom Ad