Header Ads

  • Breaking News

    കെ.എ.എസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; ഡിസംബര്‍ 4 വരെ അപേക്ഷിക്കാം..



    കേരള ഭരണ സർവീസി (കെ.എ.എസ്.) ലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കേൽ) ട്രെയിനീ സ്ട്രീം 1, സ്ട്രീം 2. സ്ട്രീം 3 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


    പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാഥമിക പരീക്ഷയിൽ ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ. മുഖ്യ പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്.

    ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തിൽനിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസർമാരിൽനിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും

    പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയാണ് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്. നൂറിലേറെ ഒഴിവുകളുണ്ടാകുമെന്നാണു പ്രതീക്ഷ. റാങ്ക്പട്ടികയ്ക്ക് ഒരുവർഷ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു വർഷത്തിനകത്ത് ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണക്കാക്കിയാണ് നിയമനം. ഐ.എ.എസിനു സമാനമായി ഒരുമിച്ച് നിയമന ശുപാർശ അയച്ച് പരിശീലനം നൽകുന്നതാണ് രീതി. 18 മാസത്തെ പരിശീലനമാണുള്ളത്.


    കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴിയാണ് അപേക്ഷിക്കേണ്ടത്. 2019 ഡിസംബർ നാലാം തീയതി വരെയാണ് അപേക്ഷ നൽകാനുള്ള സമയം. അപേക്ഷാ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

    പരീക്ഷാ ഘടന

    200 മാർക്കിനാണ് പ്രാഥമിക പരീക്ഷ. രണ്ട് ഭാഗമുണ്ട്. ഒ.എം.ആർ. മാതൃകയിലാണിത്. രണ്ടാംഭാഗത്തിൽ 50 മാർക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാർക്കും ഇംഗ്ലീഷിന് 20 മാർക്കും. മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാർക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖം 50 മാർക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാർക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക.


    ഭരണനിർവഹണം കാര്യക്ഷമമാക്കുക ലക്ഷ്യം

    സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കുകയും ഐ.എ.എസിലേക്ക് സമർഥരായ ചെറുപ്പക്കാരെ നിയോഗിക്കുകയുമാണ് കെ.എ.എസ്. ലക്ഷ്യമിടുന്നത്. ഐ.എ.എസിലേക്കുള്ള സംസ്ഥാന സിവിൽ സർവീസ് ക്വാട്ട വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. കെ.എ.എസിൽ എട്ടുവർഷസേവനം പൂർത്തിയാക്കുന്നവർക്ക് യു.പി.എസ്.സി. മാനദണ്ഡങ്ങൾ പ്രകാരം ഐ.എ.എസിൽ പ്രവേശിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad