നീതിന്യായ മേഖലയിലെ 40 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി രഞ്ജന്‍ ഗൊഗോയിയുടെ പടിയിറക്കം
ന്യൂഡൽഹി: ബാബരി ഭൂമിത്തര്‍ക്ക കേസിലടക്കം സുപ്രധാന വിധി പ്രസ്താവങ്ങൾ പുറപ്പെടുവിച്ച ശേഷം പടിയിറങ്ങുകയാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നീതിന്യായ മേഖലയിലെ 40 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് രഞ്ജന്‍ ഗൊഗോയിയുടെ പടിയിറക്കം.
അവസാനത്തെ രണ്ടാഴ്ച. അയോധ്യയും ശബരിമലയും റാഫേലും ആര്‍.ടി.ഐയുമടക്കം സുപ്രധാന വിധി പ്രസ്താവങ്ങള്‍. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന് ഇന്നത്തോടെ വിട. ഔദ്യോഗികമായി വിരമിക്കുന്നത് നാളെയാണെങ്കിലും ഇന്നലെയോടെ തന്നെ പടിയിറങ്ങി. അവസാന പ്രവര്‍ത്തി ദിവസമായ ഇന്നലെ പത്ത് കേസുകളാണ് ഗൊഗോയ് പരിഗണിച്ചത്. ശേഷം രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. സഹപ്രവര്‍ത്തകര്‍ ഒരുക്കിയ യാത്രയയപ്പില്‍ കൂടുതല്‍ ഒന്നും സംസാരിക്കാതെയായിരുന്നു വിടവാങ്ങല്‍. കോടതി മുറ്റത്ത് യാത്രയയപ്പിനായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഒരുക്കിയ വേദിയില്‍ സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ തയ്യാറാക്കിയ കുറിപ്പ് ചീഫ് ജസ്റ്റിസിന് വേണ്ടി സെക്രട്ടറി പ്രീതി സിന്‍ഹ വായിച്ചു.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റടക്കം തിരിച്ച് ആശംസകള്‍ നേര്‍ന്നു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രഞ്ജന്‍ ഗൊഗോയിയോടൊപ്പം നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും ചടങ്ങില്‍ ആദരിച്ചു.
No comments
Post a Comment