60ാമത് സ്‌കൂൾ കലോത്സവം; കലാപ്രതിഭകളെ വരവേറ്റ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും സംഘവും
കാസർഗോഡ് : നാളെ തുടങ്ങുന്ന 60ാമത് സ്‌കൂൾ കലോത്സവത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കലാപ്രതിഭകൾ കാസർഗോഡ് കാഞ്ഞങ്ങാടെത്തിത്തുടങ്ങി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കുട്ടികളെ കലോത്സവ നഗരിയിലേക്ക് സ്വാഗതം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും കലാമാമാങ്കത്തിനായി യാത്ര പുറപ്പെട്ടവർക്ക് കാഞ്ഞങ്ങാട്ടിന്റെ സ്‌നേഹം നൽകിക്കൊണ്ടായിരുന്നു കലോത്സവ നഗരിയിലേക്കുള്ള സ്വീകരണം.
അതേ സമയം കലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് രാവിലെ 10.30 ഓടെ ഊട്ടുപുരയുടെ പാലുകാച്ചൽകർമം നടന്നു. ഒന്നര പതിറ്റാണ്ടായി കലോത്സവത്തിൽ രുചിക്കൂട്ടൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇത്തവണയും കലവറയിൽ വിസ്മയം തീർക്കുക. കാസർകോടിന്റെ തനത് വിഭവങ്ങളും ഇത്തവണ സദ്യയിലിടം നേടുമെന്ന് പഴയിടം പറഞ്ഞു.
മുന്നൂറോളം പേരാണ് 28 വർഷത്തിന് ശേഷം കാസർഗോഡ് നടക്കുന്ന കലോത്സവത്തിന്റെ പാലുകാച്ചലിന് മാത്രം എത്തിയത്. സാധാരണ വളരെ കുറച്ച് ആളുകളേ പാലുകാച്ചലിനുണ്ടാവാറുള്ളു എന്ന് പഴയിടം ഓർമിച്ചു. പ്രതീക്ഷിച്ചതിലധികം പേർ പാലുകാച്ചലിനുണ്ടായതിൽ പഴയിടത്തിന് സന്തോഷം.
No comments
Post a Comment