രാജിവച്ച് ഒഴിയേണ്ടി വന്നതിന് പിന്നാലെ ഫഡ്‌നാവിസിന് കുരുക്കായി സമന്‍സ്
നാഗ്പൂര്‍: തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നുവെന്ന കാര്യം മറച്ചുവച്ചതിന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്. പുലര്‍കാലെ സത്യപ്രതിജ്ഞ ചെയ്യുകയും ഭൂരിപക്ഷം തികയ്ക്കാനാകാതെ 80 മണിക്കൂറിനുള്ളില്‍ രാജിവച്ച് ഒഴിയേണ്ടി വന്നതിന് പിന്നാലെയാണ് ഫഡ്‌നാവിസിന് കുരുക്കായി സമന്‍സ് എത്തിയത്. കോടതിയുടെ സമന്‍സ് നാഗ്പൂര്‍ പോലീസ് ഫഡ്‌നാവിസിന്റെ വസതിയിലെത്തി കൈമാറി. ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റ അതേ ദിവസം തന്നെയായിരുന്നു സമന്‍സും എത്തിയത്.
സതീഷ് ഉകെ എന്ന അഭിഭാഷകനാണ് കേസുള്ള കാര്യം മറച്ചുവച്ചതിന് ഫഡ്‌നാവിസിനെതിരെ ക്രിമിനല്‍ നടപടിക്ക് അനുമതി തേടി കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതിയും ഹൈക്കോടതിയും ഉകെയുടെ ഹര്‍ജി തള്ളി. എന്നാല്‍ സുപ്രീംകോടതി മജിസ്‌ട്രേറ്റ് കോടതിയോട് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് നവംബര്‍ നാലിന് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായത്.
1951 ലെ ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരം വിവരം മറച്ചുവെക്കുന്നത് കുറ്റകരമാണ്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ 1996 ലും 98 ലുമാണ് ഫഡ്‌നാവിസിനെതിരെ കേസെടുത്തത്. എന്നാല്‍ കുറ്റം ചുമത്തിയില്ല. ഈ കേസുകള്‍ ഉള്ള കാര്യം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
No comments
Post a Comment