Header Ads

  • Breaking News

    സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി നീട്ടണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം ഗതാഗതവകുപ്പ് തള്ളി



    തിരുവനന്തപുരം : സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴുവര്‍ഷത്തില്‍ നിന്ന് ഒന്‍പത് ആക്കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം ഗതാഗതവകുപ്പ് തള്ളി. 390 ഫാസ്റ്റ് , സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ തീരുമാനം കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കും. വാടക സ്കാനിയ ബസുകള്‍ കരാറുകാര്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പിന്‍വലിച്ചതോടെ ദിവസ വരുമാനത്തിലും ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടായി .

    അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വാടക സ്കാനിയ ബസുകള്‍ കരാറുകാര്‍ തിരിച്ചെടുത്തു. തിരികെ നല്‍കിയ ബസ് വായ്പതിരിച്ചടവ് മുടങ്ങിയതിന്റ പേരില്‍ ധനകാര്യസ്ഥാപനം കൊണ്ടുപോയി. ബസില്ലാത്തതിനാല്‍ ബംഗളൂരു സര്‍വീസുകള്‍ മുടങ്ങിയതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ  ദിവസവുമുണ്ടാകുന്നത്. ദീര്‍ഘദൂര റൂട്ടിലോടുന്ന സൂപ്പര്‍ഫാസറ്റ് ബസുകളില്‍ മിക്കതും കാലാവധി കഴിഞ്ഞതിനാല്‍ അടുത്തമാസം പിന്‍വലിക്കണം. 

    ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ഇനത്തില്‍ നാനൂറോളം ബസുകളുണ്ടെന്നാണ് കണക്ക്. പിന്‍വലിച്ചാല്‍ ദീര്‍ഘദൂര റൂട്ടില്‍ പല സര്‍വീസുകളും മുടങ്ങും. ഇത് മുന്നില്‍ കണ്ടാണ് സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴില്‍ നിന്ന് ഒന്‍പതാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശരിയായി അറ്റകുറ്റപ്പണിപോലും നടത്താത്ത ബസുകളുണ്ടാക്കുന്ന വെല്ലുവിളി ഏറ്റെടുക്കാനാകില്ലെന്നാണ് ഗതാഗതവകുപ്പ് പറയുന്നു. അഞ്ചുവര്‍ഷമായിരുന്ന കാലാവധി കഴിഞ്ഞിടെയാണ് ഏഴാക്കിയത്.

    ഡ്രൈവര്‍മാരില്ലാത്തതുകൊണ്ടും സ്പെയര്‍പാട്സ് ക്ഷാമം കൊണ്ടും ആയിരത്തിലധികം ബസുകള്‍ ഇപ്പോഴേ കട്ടപ്പുറത്താണ്. രണ്ടാഴ്ച കഴിഞ്ഞാല്‍ ശബരിമല മണ്ഡലകാലം തുടങ്ങും. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ ലോ ഫ്ലോര്‍ ബസുകള്‍  ഓടിച്ചാലും ദീര്‍ഘദൂര സര്‍വീസിന് മറ്റ് ഡിപ്പോകളില്‍ നിന്ന് ബസുകളെടുക്കണം. ഇത് യാത്രാക്ലേശം രൂക്ഷമാക്കും. ശമ്പളം കൊടുക്കാന്‍ ഈ മാസവും പണമില്ല. സാമ്പത്തിക പ്രതിസന്ധി പരിഹിക്കാന്‍ എഴുപത് കോടി ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് പ്രതികരിച്ചിട്ടില്ല.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad