യുഎപിഎ ചുമത്തി അറസ്റ്റ് ; ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
കോഴിക്കോട് : പന്തീരാങ്കാവ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക. സിപിഐഎം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ എന്നിവരുടെ മേൽ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്ന വാദമാണ് കഴിഞ്ഞ രണ്ട് ദിവസവും പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. മതിയായ തെളിവുകൾ ഇല്ലെന്നും പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ കൈവശം വെക്കുന്നത് യുഎപിഎ ചുമത്താനുള്ള വിധം കുറ്റമല്ലെന്നും ആയിരുന്നു പ്രധാന വാദം.
എന്നാൽ നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചതായാണ് എഫ്‌ഐആറിൽ ഉള്ളത്. ഇവരിൽ നിന്നും മാവോയിസ്റ്റ് അനുകൂല തെളിവുകൾ കണ്ടെത്തിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനായുള്ള അന്വേഷണവും ഊർജിതമാക്കി. ഇയാൾ കോഴിക്കോട്ടുകാരൻ തന്നെയെന്ന വിവരമാണ് പൊലീസ് നൽകുന്നത്. ജാമ്യഹർജിയെ ശക്തമായി എതിർക്കുന്ന നിലപാട് പ്രോസിക്യൂഷൻ സ്വീകരിക്കാത്തത് വിദ്യാർത്ഥികൾക്ക് അനുകൂലമാകുമോ എന്നാണ് ഇനി അറിയേണ്ടത്. കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന കാര്യത്തിൽ പൊലീസിൽ നിന്ന് റിപ്പോർട്ടൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഇന്നലെ കേസ് ഏറ്റെടുക്കുന്നതിന് സാധ്യത തേടി എൻഐഎയും എത്തി. കൊച്ചി യൂണിറ്റിലെ പ്രത്യേക സംഘമാണ് കോഴിക്കോടെത്തി പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് ഏറ്റെടുത്തേക്കാമെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും വിവരങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും സൂചന. കൃത്യമായ ദിശ കേസിൽ എൻഐഎക്കുണ്ട്. കേരളത്തിലേതടക്കമുള്ള മാവോയിസ്റ്റ് നീക്കങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രത്തിൽ നിന്ന് എൻഐഎക്ക് നിർദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസിലെ ഇടപെടൽ.
www.ezhomelive.com
No comments
Post a Comment