ബാബരി മസ്ജിദ് വിധിയില്‍ വീണ്ടും വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി
ന്യൂഡൽഹി : ബാബരി മസ്ജിദ് വിധിയില്‍ വീണ്ടും വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബാബരി പള്ളി നിയമവിരുദ്ധമായിരുന്നുവെങ്കില്‍ തകര്‍ത്തതിന് എല്‍.കെ അദ്വാനി ഉള്‍പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തിനാണ് കേസെടുത്ത് വിചാരണ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇനി അതല്ല പള്ളി നിയമാനുസൃതമായിരുന്നെങ്കില്‍ അത് തകര്‍ത്തവര്‍ക്ക് തന്നെ നല്‍കിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു. 'ഒരാള്‍ നിങ്ങളുടെ വീട് തകര്‍ക്കുന്നു. തുടര്‍ന്ന് നിങ്ങള്‍ മധ്യസ്ഥന്റെ അടുത്ത് പോവുന്നു. അയാള്‍ നിങ്ങളുടെ വീട് തകര്‍ത്തയാള്‍ക്ക് തന്നെ നല്‍കുന്നു. എന്നിട്ട് നിങ്ങള്‍ക്ക് വീട് വെക്കാന്‍ പകരം ഒരു സ്ഥലം നല്‍കുന്നു. അത് നിങ്ങള്‍ക്ക് എങ്ങിനെയാണ് അനുഭവപ്പെടുക' അദ്ദേഹം ചോദിച്ചു. ഹൈദരാബാദില്‍ നബിദിന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉവൈസി.
'ബാബരി മസ്ജിദ് നിയമപരമായ അവകാശമാണ്. ഭൂമിക്കു വേണ്ടിയല്ല നാം പോരാടിയത്. ദാനമൊന്നും ആവശ്യമില്ല. ഞങ്ങളെ യാചകരെ പോലെ പരിഗണിക്കരുത്. ഞങ്ങള്‍ ഇന്ത്യയിലെ ബഹുമാനിക്കപ്പെടുന്ന പൗരന്‍മാരാണ്. വിധിയെ എതിര്‍ക്കുക എന്നത് തന്റെ ജനാധിപത്യപരമായ അവകാശമാണ്.' കോടതിയില്‍ മുസ്‍ലിംകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 80 വയസ്സിലും കോടതിയില്‍ വാദിച്ച് രാജീവ് ധവാനെ അദ്ദേഹം അഭിനന്ദിച്ചു.
എല്ലാ സെക്യുലര്‍ പാര്‍ട്ടികളും മുസ്‍ലിംകളെ വഞ്ചിച്ചു. വിധിയില്‍ നിരാശരാവരുത്, മുസ്‍ലിംകള്‍ ആത്മവീര്യം കൈവിടരുത്. ഒന്നിച്ചു നിന്ന് വെല്ലുവിളിയെ നേരിടണം. ഉവൈസി പറഞ്ഞു.
No comments
Post a Comment