മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം; മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചില്ലെന്ന ആരോപണം ശക്തം
പാലക്കാട് : അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രിം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചില്ലെന്ന ആരോപണം ശക്തം. വ്യക്തതയില്ലാത്ത റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഭിഭാഷകര്‍ പറയുന്നു.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നാല്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഉച്ചക്ക് 12.30ന് നടന്ന കൊലപാതകത്തിന്റെ എഫ്.ഐ.ആര്‍ വൈകുന്നേരം 6 മണിക്കാണ് രജിസ്റ്റര്‍ ചെയ്തത്.വൈകി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയതത് എന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും വൈകലിന്റെ കാരണം പറയുന്നില്ല. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചെന്ന് പാലക്കാട് ജില്ലാകോടതിയില്‍ എസ്.പി നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെങ്കിലും കേസ് ഡയറി,ബാലസ്റ്റിക് പരിശോധന റിപ്പോര്‍ട്ട് തുടങ്ങിയവയൊന്നും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. നിയമപരമായല്ലാതെയാണ് ജില്ലാ പൊലീസ് മേധാവി നേരിട്ട് മജിസ്ട്രീരിയല്‍ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയതെന്ന് മരിച്ചവരുടെ ബന്ധുക്കളുടെ അഭിഭാഷക പറഞ്ഞു.
ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടണം. കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ ഉടന്‍ വിവരം അറിയിക്കണം തുടങ്ങി 16 നിര്‍ദേശങ്ങളാണ് സുപ്രീം കോടതി നല്‍കിയിട്ടുള്ളത്. ഇതില്‍ പലതും ലംഘിച്ചതായും മനുഷ്യവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
www.ezhomelive.com
No comments
Post a Comment