വാട്സാപ്പ് വഴി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ചാര വൈറസ്: ഉന്നം വയ്ക്കുന്നത് നയതന്ത്രജ്ഞരെയും മാദ്ധ്യമപ്രവർത്തകരെയും.
മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പ് വഴി ഇന്ത്യക്കാരായ യൂസേഴ്സിന്റെ ലക്ഷ്യം വച്ച് സ്പൈവെയർ കടത്തിവിട്ട് ഇസ്രായേൽ സൈബർസെക്യൂരിറ്റി കമ്പനി. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയിലെ നിരവധി ഉപഭോക്താക്കളെ വാട്സാപ്പ് ബന്ധപ്പെട്ടതോടെയാണ് വിവരം പുറത്തുവരുന്നത്. ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകർ, ഡിപ്ലോമാറ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ, ഉന്നത പദവിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ ഫോണുകളിലാണ് ഇത്തരത്തിൽ സ്പൈവെയർ എത്തിയത് എന്നതാണ് കൗതുകകരമായ വസ്തുത. മേയിൽ രണ്ടാഴ്ച നീണ്ട കാലഘട്ടത്തിലാണ് ഈ ആക്രമണം ഉണ്ടായതെന്നും വാട്സാപ്പ് പറയുന്നു.
അതീവ ഗുരുതരമായ ഈ വിഷയത്തിൽ വാട്സാപ്പിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്ക് ഇസ്രായേലി സൈബർ സെക്യൂരിറ്റി ഏജൻസിയായ എൻ.എസ്.ഒയ്ക്കെതിരെ കേസ് നൽകിയിട്ടുണ്ട്. കേസ് നൽകുന്നതിന് മുൻപ് ഇക്കാര്യം ഫേസ്ബുക്ക് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഏകദേശം 1500 പേരുടെ വിവരങ്ങൾ ചോർത്താൻ എൻ.എസ്.ഒ ശ്രമിച്ചിരുന്നു എന്നാണ് വിവരം. ഈ വിഷയത്തിൽ വാട്സാപ്പ് തങ്ങളെ ബന്ധപ്പെട്ടതാണ് കാണിച്ചുകൊണ്ട് നിരവധി മാദ്ധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരുന്നു.
ഒരു വീഡിയോ കാൾ വഴിയാണ് എൻ.എസ്.ഒയുടെ 'പെഗസസ്' എന്ന സ്പൈവെയർ ഫോണിൽ കടന്നുകൂടുക. വീഡിയോ കാൾ റിസീവ് ചെയ്തില്ലെങ്കിലും വൈറസ് ഫോണിൽ കയറും. കയറിക്കഴിഞ്ഞാൽ ഇതിന്റെ സാനിദ്ധ്യം ഒരു തരത്തിലും യൂസറിന് തിരിച്ചറിയാനും സാധിക്കില്ല. യൂസറിന്റെ ഫോൺ കാളുകൾ, മെസേജുകൾ, ഫോട്ടോകൾ, ക്യാമറ, സൗണ്ട് റെക്കോർഡർ തുടങ്ങിയവയിലെ വിവരങ്ങളാണ് പെഗസസ് ചോർത്തുക. എന്നാൽ തങ്ങൾ അങ്ങനെ ഒരു സ്പൈവെയർ കടത്തിവിട്ടിട്ടില്ല എന്നാണ് എൻ.എസ്,ഒ പറയുന്നത്. ഏതായാലും ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ഉടനെ വാട്സാപ്പ് അത് ബ്ലോക്ക് ചെയ്തിരുന്നു.
No comments
Post a Comment