മാവോയിസ്റ്റ് ബന്ധം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി, പോലീസ് പ്രോസിക്യൂഷന് റിപ്പോർട്ട് കൈമാറി
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് പ്രോസിക്യൂഷന് റിപ്പോർട്ട് കൈമാറി. യു.എ.പി.എ നിലനിർത്തിയാണ് പോലീസ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. ബുധനാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.
ജാമ്യാപേക്ഷ പരിഗണിച്ച കോടതി രണ്ട് ഭാഗങ്ങളുടേയും വാദം കേൾക്കുക മാത്രമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്തത്. യു.എ.പി.എ ചുമത്തേണ്ട കേസല്ല ഇതെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേഷ് വാദിച്ചു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. ഇവർ സി.പി.എം അംഗങ്ങളാണ്. ഇവരുടെ ഭാവി തകർക്കുന്ന രീതിയിലുള്ളതാണ് പോലീസ് നടപടികളെന്നും പ്രതിഭാഗം വാദിച്ചു.
റിമാൻഡ് റിപ്പോർട്ടിലും യു.എ.പി.എയുടെ കാര്യം പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാവശ്യമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്ന നിലപാടിലാണ് പോലീസ്. എന്നാൽ യു.എ.പി.എ നിലനിൽക്കുമോ എന്ന കാര്യത്തിന് മറുപടി പറയാൻ രണ്ട് ദിവസം സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇതാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടാൻ കാരണം. ഇത് അസാധാരണ നടപടിയാണെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ യു.എ.പി.എ പുനഃപരിശോധിക്കുമെന്ന് പറയുമ്പോഴും അന്വേഷണ സംഘം ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അതേസമയം പ്രോസിക്യൂഷന് ഈ ജാമ്യത്തെ ശക്തമായി എതിർക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ സാഹചര്യവും പൊതുസമൂഹത്തിന്റെ പിന്തുണയും പരിഗണിച്ച് ജാമ്യത്തെ ശക്തമായി എതിർക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രോസിക്യൂഷൻ. പോലീസ് നടപടിയും സർക്കാരിന്റെ നിലപാടും ഘടകവിരുദ്ധമായി മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
www.ezhomelive.com
No comments
Post a Comment