അമിത ആത്മ വിശ്വാസം തിരിച്ചടിയായി: സിപിഐഎം ആലപ്പുഴ ജില്ലാകമ്മറ്റി
ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അമിത ആത്മ വിശ്വാസം തിരിച്ചടിയായെന്ന് സിപിഐഎം ആലപ്പുഴ ജില്ലാകമ്മറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചിലനേതാക്കള്‍ ഒറ്റപ്പെട്ട് നിന്നുവെന്നും, യോജിച്ച പ്രവര്‍ത്തനത്തില്‍ വീഴ്ച്ചയുണ്ടായെന്നും ജില്ലാ നേതൃയോഗങ്ങള്‍ വിലയിരുത്തി. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ ജില്ലാ നേതൃയോഗങ്ങളിലും പൂതന പരാമര്‍ശത്തില്‍ ജി സുധാകരനെതിരെ വിമര്‍ശനമുയര്‍ന്നു.
അരൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന സിപിഐഎമ്മിന്റെ ആദ്യ ജില്ലാ നേതൃയോഗത്തിലാണ് പരാജയകാരണം ചൂണ്ടിക്കാട്ടി നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ ഇത് പ്രതിരോധിക്കുന്നതില്‍ നേതൃത്വത്തിന് ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചത്.
സംസ്ഥാന നേതാക്കളും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും സംഘടനാദൗര്‍ബല്യം തിരിച്ചടിയായി. അതേസമയം, തോല്‍വി പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ വേണമോയെന്ന കാര്യത്തില്‍ ജില്ലാകമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും.
അരൂരില്‍ പ്രചാരണം രണ്ടാംഘട്ടത്തില്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ പൂതനാ പരാമര്‍ശം ഉണ്ടായത്. ഇത് യുഡിഎഫിന് വീണു കിട്ടിയ ആയുധമായെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
വിവിധ പഞ്ചായത്തുകളില്‍ സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയിരുന്നു. എന്നാല്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചിലര്‍ ഗുരുതര വീഴ്ച്ച വരുത്തി.മന്ത്രിമാര്‍ അടക്കം പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നു എന്ന റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍ പോരായ്മകള്‍ കണ്ടെത്തുന്നതില്‍ ജില്ലാ നേതൃത്വത്തിന് ജാഗ്രക്കുറവ് ഉണ്ടായെന്ന് യോഗങ്ങളില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണനും പറഞ്ഞു.
പാര്‍ട്ടി പ്രഖ്യാപനം വരും മുന്‍പ് ചിലര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി മണ്ഡലത്തില്‍ ഇറങ്ങി. എന്നാല്‍ പ്രഖ്യാപനം വന്ന ശേഷം അവര്‍ കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നും നേതൃയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം ജില്ലാ നേതൃയോഗങ്ങള്‍ക്ക് പിന്നാലെ അരൂര്‍ മണ്ഡലം കമ്മറ്റിയോഗവും ചേര്‍ന്നു. ജില്ലാ മണ്ഡലം കമ്മറ്റികളുടെ അവലോകന റിപ്പോര്‍ട്ട് പിന്നീട് സംസ്ഥാന നേതൃത്വം പരിശോധിച്ച ശേഷമാകും അരൂര്‍ തോല്‍വിയിലെ തുടര്‍ നടപടികള്‍ ഉണ്ടാകുക.
www.ezhomelive.com
No comments
Post a Comment