മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ട വ്യാജം: സിപിഐ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് നൽകും
പാലക്കാട്: മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ വ്യാജമാണെന്ന് വാദിക്കുന്ന സിപിഐ സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയേക്കും. സിപിഐ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൈമാറിയിരുന്നു. അദ്ദേഹം റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൈമാറുമെന്നാണ് വിവരം.
മഞ്ചിക്കണ്ടിയിൽ നടന്ന മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും വാദങ്ങൾ പൂർണ്ണമായും തള്ളുകയാണ് സിപിഐ റിപ്പോർട്ട്. സ്ഥലം സന്ദർശിച്ച അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടന്നത് വ്യാജ ഏറ്റുമുട്ടൽ എന്ന നിലപാടിൽ ഉറച്ച നിലപാടിൽ തന്നെയാണ്. മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
കൊല്ലപ്പെട്ട മണിവാസകത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ട്. മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയോ അതിന് ശേഷമോ ആണ് പൊലീസ് വെടിവെച്ചതാണെന്നാണ് സ്ഥലവാസികൾ അറിയിച്ചത്. ഇക്കാര്യവും റിപ്പോർട്ടിൽ ഉണ്ടാകും.
എന്നാൽ, മാവോയിസ്റ്റുകളെ വെള്ളപൂശേണ്ടെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കെയാണ് കാനം നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറാനൊരുങ്ങുന്നത്. സർക്കാർ പൊലീസ് നടപടിയെ പൂർണ്ണമായും പിന്തുണക്കുകയാണ്. നിയമസഭയിൽ വ്യാജ ഏറ്റുമുട്ടലെന്ന പ്രതിപക്ഷ വിമർശനത്തിന് പിണറായി വിജയൻ നൽകിയ മറുപടിയും സിപിഐയെക്കൂടി ലക്ഷ്യമിട്ട് ആയിരുന്നു.
www.ezhomelive.com
No comments
Post a Comment