പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം : നിര്‍ണായകമായ ശബരിമല വിധിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ബോര്‍ഡ് ആസ്ഥാനത്താണ് സത്യപ്രതിജ്ഞ. ഇന്ന് ചേരുന്ന ബോര്‍ഡ് യോഗം സുപ്രീംകോടതി വിധിയും ചര്‍ച്ച ചെയ്യും.
കഴിഞ്ഞ മണ്ഡല കാലത്ത് സുപ്രീംകോടതി വിധിയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡായിരുന്നു. പുതിയ വിധിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡ് പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും ഇന്ന് ഉച്ചക്ക് 12 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്.ജയശ്രീ പുതിയ പ്രസിഡന്‍റിനും അംഗത്തിനും സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് പുതിയ പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ആദ്യ ബോര്‍ഡ് യോഗത്തില്‍ ഇന്നലത്തെ സുപ്രീംകോടതി വിധിയും ചര്‍ച്ചക്ക് വരും. സുപ്രീംകോടതി വിധിയില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തത വന്നശേഷമേ ബോര്‍ഡ് തുടര്‍നടപടികളിലേക്ക് കടക്കാന്‍ സാധ്യതയുള്ളൂ.
മണ്ഡല കാലത്തിന്‍റെ ഒരുക്കങ്ങള്‍ ബോര്‍ഡ് യോഗം വിലയിരുത്തും. ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാറിന്‍റെയും അംഗം കെ.പി ശങ്കരദാസിന്‍റെയും ഭരണ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് എന്‍ വാസുവിനേയും കെ.എസ് രവിയെയും നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
www.ezhomelive.com
No comments
Post a Comment