റഫാൽ അഴിമതി : പുനഃപരിശോധനാ ഹർജികളിൽ വിധി ഇന്ന്; രാഹുലിനും നിർണ്ണായക ദിനം
ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. കേന്ദ്രസർക്കാരിനു ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ഡിസംബർ 14നു നൽകിയ വിധി പുനഃപരിശോധിക്കുമോയെന്നാണു കോടതി ഇന്നു വ്യക്തമാക്കുക.
വിധിയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് സംബന്ധിച്ചു തെറ്റായ പരാമർശമുണ്ടായിരുന്നു. ഇതു തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലും കോടതി തീരുമാനം പറയും.പുനഃപരിശോധന വേണമെന്നാണു ഭൂരിപക്ഷ നിലപാടെങ്കിൽ അതു കേന്ദ്രസർക്കാരിനു വലിയ തിരിച്ചടിയാവും. വേണ്ടെന്ന് വിധിയെങ്കിൽ സർക്കാരിനു വിജയം.
കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിലും സുപ്രീം കോടതി ഇന്നു വിധി പറയും. റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹർജി നൽകിയത്. റഫാൽ കേസിൽ വിധി പറയുന്ന ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിക്കുന്നത്.
No comments
Post a Comment