ശബരിമലയിൽ വിധി ഇന്ന്; ഒൻപതുമാസമായി കേരളത്തിന്റെ കാത്തിരിപ്പ്
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധിപറയും. പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നൽകിയ അമ്പത്തഞ്ചിലേറെ ഹർജികളിലാണ് തീർപ്പുകല്പിക്കുന്നത്.
പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനത്തിനുപുറമേ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലും ആര്‍ത്തവകാലത്ത് സ്ത്രീകളെ വിലക്കുന്നതിന് നിയമപിന്‍ബലം ഇല്ലാതായി. അതിനാല്‍, പുനഃപരിശോധനാ ഹര്‍ജിയിലെ വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നു പറയാം. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006-ല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് വിധിപറയുക. ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്.
No comments
Post a Comment